Kerala
കോട്ടയം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളുടെ പരസ്യപത്രിക കളര്‍ഫുളാക്കി ഇന്നലെ മാധ്യമങ്ങളില്‍ അവതരിപ്പിച്ചപ്പോള്‍ കാര്‍ഷിക കേരളത്തിന്റെ നിലവിളിയും നെടുവീര്‍പ്പും അതിലൊരു വരി പോലും ഇടംപിടിച്ചില്ല.
വികസനവിസ്മയ പട്ടിക പരസ്യപ്പെടുത്തിയ ദിവസം പാടത്ത് കൊയ്തുകൂട്ടിയ നെല്ല് ആര് കൈയേല്ക്കുമെന്നും എന്നു വില കിട്ടുമെന്നും അറിയാതെ കണ്ണീരൊഴുക്കുകയാണ് നാടിന് അന്നം വിളയിക്കുന്ന രണ്ടര ലക്ഷം നെല്‍കര്‍ഷകര്‍. ഈ സീസണ് മുതല്‍ മില്ലുകാരെ ഒഴിവാക്കി സഹകരണസംഘങ്ങളും സപ്ലൈകോയും നേരിട്ട് നെല്ല് സംഭരിച്ച വില രൊക്കം നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ജലരേഖയായി.
ഒരു കിലോ റബറിന് 250 രൂപ തറവില നല്‍കുമെന്ന് 2021ല്‍ എല്‍എഡിഎഫ് തെരഞ്ഞെടുപ്പു പത്രികയില്‍ എഴുതിവച്ചെങ്കിലും വാക്കു പാലിച്ചില്ല. സംസ്ഥാനത്തെ 941 പഞ്ചായത്തുകളില്‍ 200 പഞ്ചായത്തുകള്‍ രൂക്ഷമായ വന്യമൃഗഭീഷണിയിലാണ്. കഴിഞ്ഞ പതിറ്റാണ്ടിനുള്ളില്‍ 1500 പേര്‍ക്ക് വന്യമൃഗ ആക്രമണങ്ങളില്‍ ജീവന് പൊലിഞ്ഞു.
പഴം, പച്ചക്കറികള്‍ക്ക് വിലയും വിപണിയും ഒരുക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങൾ പരാജയപ്പെട്ടു. പ്രകൃതിക്ഷോഭത്തിലും വരള്‍ച്ചയിലുമുണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കാനോ കാര്‍ഷിക ഇന്‍ഷ്വറന്‍സ് നടപ്പാക്കാനോ സാധിച്ചില്ല.
കാലിത്തീറ്റയ്ക്കും മരുന്നിനും വില കുത്തനെ കയറിയതോടെ പിടിച്ചുനില്‍പ്പില്ലാതെ സംസ്ഥാനത്ത് അര ലക്ഷം ക്ഷീരകര്‍ഷകരാണ് കാലികളെ വിറ്റ് തൊഴുത്ത് കാലിയാക്കിയത്.
Kerala
കൊച്ചി: മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയവർക്ക് നന്ദി സന്ദേശം അയക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. സർക്കാരിന്റെ അപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കും.
സംഭാവന നൽകിയവർക്ക് ഇതിനകം രസീത് നൽകിയിട്ടുണ്ടെന്നും, പൊതുവായി നന്ദി അറിയിച്ചതാണെന്നും ചൂണ്ടിക്കാട്ടി സർക്കാരിന്റെ ആവശ്യത്തെ ഹർജിക്കാർ ശക്തമായി എതിർത്തു.
എന്നാൽ, നന്ദി സന്ദേശം അയയ്ക്കുന്നതിലെ തടസമെന്താണെന്ന് കോടതി ചോദിച്ചു. സർക്കാരിന്റെ ആവശ്യത്തിന്മേൽ മറുപടി സത്യവാംഗ്മൂലം വ്യാഴാഴ്ച സമർപ്പിക്കാമെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു.
ജീവനക്കാരുടെ സ്പാർക്കിലെ വിവരങ്ങൾ ഉപയോഗിച്ചല്ല സന്ദേശം അയയ്ക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ സന്ദേശം അയച്ചത് ഭരണനിർവഹണ നടപടികളുടെ ഭാഗമെന്നാണ് അഡ്വക്കേറ്റ് ജനറൽ കോടതിയിൽ വാദിച്ചത്.
Kerala
തിരുവനന്തപുരം: ശമ്പള കുടിശിക നൽകുക, പ്രവേശന തസ്തികയിലെ ശമ്പള അപാകത പരിഹരിക്കുക, പുതിയ മെഡിക്കൽ കോളജുകളിലെ ഡോക്ടർ തസ്തികകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അപര്യാപ്തത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിലെ ഡോക്ടർമാർ നടത്തുന്ന സമരം തുടരുന്നു.
ഒപിയും അടിയന്തിരമല്ലാത്ത ശസ്ത്രക്രിയ ബഹിഷ്കരണവും ഡോക്ടർമാർ തുടരുകയാണ്. ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ പ്രതിനിധികളും മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ധനകാര്യ മന്ത്രി എന്നിവരും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനമൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണു സർക്കാർ ഡോക്ടർമാർ സമരവുമായി മുന്നോട്ടു പോകുന്നത്.
Kerala
തിരുവനന്തപുരം: സഹകരണസംഘം ജീവനക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വഴി ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം ജീവനക്കാർക്ക് 61.87 കോടി രൂപ നൽകിയതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
സേവനത്തിലിരിക്കെ മരിച്ച ജീവനക്കാരുടെ ആശ്രിതരായ 487 പേർക്ക് 12.65 കോടി രൂപ മരണാനന്തര ധനസഹായമായി അനുവദിച്ചു. സേവനത്തിൽ നിന്നു പിരിഞ്ഞ 9018 ജീവനക്കാർക്ക് ബോർഡിലേക്ക് അടച്ച വിഹിതം ഇനത്തിൽ 30.88 കോടി രൂപ തിരികെ നൽകുകയും അതിന്റെ 10% ഇൻസെന്റീവായി 30.85 ലക്ഷം രൂപയും നൽകി.
ഇക്കാലയളവിൽ 2871 ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും വിവിധ ചികിത്സാ ധനസഹായങ്ങളായി 17.59 കോടി രൂപ നൽകി. ഫെസ്റ്റിവൽ അലവൻസ്, ബോണസ് എന്നിവ നൽകാൻ സാഹചര്യമില്ലാത്ത സഹകരണ സ്ഥാപനങ്ങളിലെ ബോർഡ് അംഗങ്ങളായ 276 ജീവനക്കാർക്ക് 3000 രൂപ വീതം 8,28,000 രൂപ സമാശ്വാസ ധനസഹായമായി നൽകിയിരുന്നു.
കലാ-കായിക രംഗത്തെ മികവിനും പഠനത്തിൽ ഉന്നതവിജയം നേടുകയും ചെയ്ത സഹകരണ ജീവനക്കാരുടെ മക്കൾക്കായി വർഷം തോറും നൽകുന്ന കാഷ് അവാർഡായി കഴിഞ്ഞ നാല് വർഷങ്ങളിലായി 9744 വിദ്യാർഥികൾക്ക് 9,74,51,000 രൂപ വിതരണം ചെയ്തതായും മന്ത്രി പറഞ്ഞു.
Kerala
കൊച്ചി: തൊടുപുഴയില്‍ ബൈക്ക് യാത്രികനായ യുവാവ് കുഴിയിൽ വീണ് മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാരിന് എല്ലാ വകുപ്പുകളുടെ പ്രവർത്തനത്തെക്കുറിച്ചും അറിവ് ഉണ്ടാകണമെന്ന് ഹൈക്കോടതി അറിയിച്ചു.
കുഴിയാണ് അപകടത്തിന് കാരണമെന്ന് പറയുന്നു, പരസ്പരം കുറ്റപെടുത്തുകയല്ല വേണ്ടത്. അപകടമുണ്ടായ ശേഷം വകുപ്പുകളെ പഴിചാരിയിട്ട് കാര്യമില്ല. 27 വയസുകാരനാണ് ജീവൻ നഷ്ടമായത്. ആർക്കും ഒരു വേദനയും തോന്നുന്നില്ലേയെന്നും കോടതി ചോദിച്ചു.
അപകടത്തിന്റെ യഥാർഥ വസ്തുത എന്താണെന്ന് പരിശോധിക്കാനും കോടതി സർക്കാരിന് നിർദേശം നല്‍കിയിട്ടുണ്ട്. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27) ആണ് കലുങ്ക് നിർമാണത്തിന് റോഡരികിലെടുത്ത കുഴിയിൽ വീണ് മരിച്ചത്.
പൊതുമരാമത്ത് വകുപ്പ് കലുങ്കിനായി നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എന്നാൽ ഒരു മാസത്തിലേറെയായി കുഴി അപകടാവസ്ഥയിൽ തുടരുകയായിരുന്നു. കുഴി മൂടണമെന്ന് നാട്ടുകാര്‍ പലകുറി ആവശ്യപ്പെട്ടിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ബാർ സമയം ഉയർത്തിയ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ചോദിക്കുന്ന എല്ലാവർക്കും പെട്ടിക്കട പോലെയാണ് സർക്കാർ ബാർ അനുവദിക്കുന്നതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.
ബാർ സമയം നീട്ടിയത് ബാർ മുതലാളിമാരിൽ നിന്ന് പണം പിരിച്ചെടുക്കാനാണെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചു. ടൂറിസത്തിന് വേണ്ടിയാണ് ബാർ സമയം നീട്ടിയതെന്നാണ് എം.ബി.രാജേഷ് പറയുന്നത്. എന്നാൽ 18 കോടി ടൂറിസ്റ്റുകൾ വരുന്ന ഗുജറാത്തിൽ സമ്പൂർണ മദ്യ നിരോധനമാണെന്ന് ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.
കള്ള് കുടിക്കാനാണോ കേരളത്തിലേക്ക് ടൂറിസ്റ്റുകൾ വരുന്നതെന്ന് ചോദിച്ച ശോഭ, നാട് കാണാൻ വരുന്നവരെ എക്സൈസ് മന്ത്രി അപമാനിക്കുകയാണെന്നും പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസിലും ശോഭ സുരേന്ദ്രൻ പ്രതികരിച്ചു.
ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണം ഫ്രീസറിലാണ്. കോടതി അത് നിരീക്ഷിക്കുമെന്നാണ് കരുതുന്നത്. വീണ്ടും കോടതിയോട് അപേക്ഷിക്കുന്നത് പൗരയെന്ന നിലയിലാണ്. ബിജെപിയുടെ ആഭ്യന്തര മന്ത്രി ഉണ്ടാകുന്നത് വരെ മാത്രമേ കള്ളന്മാർ പുറത്ത് വിഹരിക്കൂവെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം വ്യാഴാഴ്ച മുതൽ പ്രതിസന്ധിയിലാകും. അനിശ്ചിതകാല ഒപി ബഹിഷ്കരണ സമരത്തിനൊപ്പം വ്യാഴാഴ്ച മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവയ്ക്കും.
സമരം പിൻവലിക്കണമെന്ന ആരോഗ്യമന്ത്രി വീണ ജോർജിന്റെ ആവശ്യം കെജിഎംസിടിഎ തള്ളിക്കളഞ്ഞിരുന്നു. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവയ്ക്കുന്നതോടെ നേരത്തെ നിശ്ചയിച്ചുറപ്പിച്ച ശസ്ത്രക്രിയകൾ മുടങ്ങും.
അതേസമയം അവശ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബർ റൂം, ഐസിയു, ഐപി ചികിത്സ, മറ്റ് അടിയന്തിര ചികിത്സകൾ, അടിയന്തിര ശസ്ത്രക്രിയകൾ, പോസ്റ്റ്മോർട്ടം എന്നിവയെ പ്രതിഷേധ പരിപാടികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ശമ്പളകുടിശിക അനുവദിക്കുക, തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച കെജിഎംസിടിഎ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണയും സംഘടിപ്പിക്കും.
Editorial
പതിനഞ്ച് വർഷം തുറന്നുകിടന്ന ഒരു കുഴിയിൽ വീണ് നിരവധിപ്പേർക്കു പരിക്കേറ്റിട്ടും അനങ്ങാതിരുന്നവർ, ഒടുവിലൊരു യുവാവിന്റെ മരണത്തിൽ പൊറാട്ടുനാടകത്തിനിറങ്ങിയിരിക്കുന്നു. പ്രതിസ്ഥാനത്തുനിന്നു രക്ഷപ്പെടാനുള്ള പൊതുമരാമത്തു വകുപ്പിന്റെ തൊടുന്യായങ്ങൾ, നഗരസഭയുടെ ഉത്തരവാദിത്വമൊഴിയൽ, ജനപ്രതിനിധികളുടെ പ്രതിഷേധനാടകം, സംരക്ഷിക്കപ്പെടുമെന്ന ഉദ്യോഗസ്ഥരുടെ സംഘടിത ധൈര്യം, ഉത്തരവാദികൾ തയാറാക്കുന്ന റിപ്പോർട്ടിനു കാത്തിരിക്കുന്ന പൊതുമരാമത്തുവകുപ്പ് മന്ത്രി... ഈ നാടകങ്ങൾക്കു തിരശീലയിടണം.
ഇത് അപകടമല്ല, 15 കൊല്ലം കെണിവച്ചു വീഴ്ത്തിയതാണ്, കൊലപാതകമാണ്. ഉത്തരവാദികൾക്കെതിരേ മനഃപൂർവമുള്ള നരഹത്യക്കു കേസെടുത്താൽ അന്നു തീരും ഈ കെടുകാര്യസ്ഥത. തൊടുപുഴയിൽ നരഹത്യക്കു കേസെടുത്ത് മുന്നറിയിപ്പു കൊടുത്താൽ, കേരളമൊട്ടാകെ തുറന്നിരിക്കുന്ന ഇത്തരം മരണക്കെണികൾ 24 മണിക്കൂറിനുള്ളിൽ മൂടിയിരിക്കും. തുടർഭരണത്തിനുള്ള വളഞ്ഞ സർവേകളിലല്ല, കൺമുന്നിലെ പരാജയങ്ങളിലാണ് പാഠങ്ങൾ.
തിങ്കളാഴ്ച രാത്രി തൊടുപുഴയില്‍നിന്നു മുതലക്കോടത്തെ വീട്ടിലേക്കു പോകവേ, തുറന്നുകിടന്നിരുന്ന കുഴിയിൽ വീണാണ് മുതലക്കോടം സ്വദേശി ജെയിസ് മരിച്ചത്. വിദേശത്തു ജോലിയിലായിരുന്ന 27 വയസുകാരൻ അടുത്ത ദിവസം മടങ്ങാനിരിക്കുകയായിരുന്നു. ഒരു സർവേയുമില്ലാതെ മിനിട്ടുകൾക്കുള്ളിൽ തെളിഞ്ഞ യാഥാർഥ്യങ്ങളുണ്ട്.
ഒന്നാമത്, 15 വർഷമായി ഈ മരണക്കുഴി മുതലക്കോടം മാവിൻകുഴിയിൽ ഉണ്ടായിരുന്നു. 15 കൊല്ലം മുൻപ് ബസിടിച്ചു തകർന്ന കലുങ്കായിരുന്നു ഇത്. പലരും അപകടത്തിൽ പെട്ടെന്ന വിവരം പൊതുമരാമത്ത് വകുപ്പിനും നഗരസഭയ്ക്കും ജനപ്രതിനിധികൾക്കും അറിവുള്ളതുമാണ്. ഏകദേശം രണ്ടു വർഷം മുൻപ്, വെള്ളക്കെട്ട് ഉണ്ടായപ്പോൾ നഗരസഭ ജെസിബി ഉപയോഗിച്ച് തടസം നീക്കി. പിന്നെ പൊതുമരാമത്തുവകുപ്പിന്റെ തടസങ്ങൾ അതിന്റെ പേരിലായെന്നാണ് അറിയുന്നത്.
എട്ടു മാസം മുൻപ്, ഇതിനടുത്തുള്ള കടമുറികളുടെ ഉടമ പി.എ. കൃഷ്ണകുമാർ സ്വന്തം ചെലവിൽ ഇതു പണിതു മൂടിയും സ്ഥാപിക്കാമെന്ന് നഗരസഭയെയും തുടർന്നു പൊതുമരാമത്തു വകുപ്പിനെയും അറിയിച്ചിരുന്നു. കരിങ്കല്ലുകൊണ്ട് കെട്ടരുത് തുടങ്ങി പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ചട്ടപ്പടി നിബന്ധനകളും കടുംപിടിത്തവും മുറുകിയതോടെ സൗജന്യമായി ചെയ്യാമെന്നേറ്റയാൾ ‘വയ്യാവേലി’ വേണ്ടെന്നുവച്ചു. പൊതുമരാമത്തുവകുപ്പ് പണിതുമില്ല.
ഇതേ വകുപ്പിന്റെ വിജിലന്‍സ് ഡെപ്യൂട്ടി എൻജിനിയറില്‍ നിന്നാണ് മന്ത്രി മുഹമ്മദ് റിയാസ് ഇപ്പോൾ റിപ്പോര്‍ട്ട് തേടിയിട്ടുള്ളത്. വീഴ്ച സംഭവിച്ചെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇങ്ങനെ ഉത്തരവാദികളായേക്കാവുന്നവർ കൊടുക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ‘നടപടി’ സ്വീകരിച്ചാണ് നമ്മുടെ സംസ്ഥാനത്തെ ഉദ്യോഗസ്ഥർ ഏതു തെറ്റു ചെയ്താലും സുരക്ഷിതരായി തുടരുന്നത്. നിരവധി അപകടങ്ങളുണ്ടായിട്ടും 15 വർഷമെങ്കിലും ഈ കുഴി ഉദ്യോഗസ്ഥർ നിലനിർത്തിയെങ്കിൽ ഇപ്പോഴത്തേത് അപകടമരണമാണോ കൊലപാതകമാണോ?
പൊതുമരാമത്തു വകുപ്പിന്റെ ഉദ്യോഗസ്ഥരല്ല, വിവിധ തലത്തിലുള്ള കരാറുകാരും പൊതുജനവുമാണ് ഇവരുടെ അഴിമതി മുതൽ കെടുകാര്യസ്ഥത വരെയുള്ള റിപ്പോർട്ട് തയാറാക്കേണ്ടത്. നഗരസഭാ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടുകയാണ്. ഒന്നര പതിറ്റാണ്ടായി ഈ കെണി നിങ്ങളുടെ കൺമുന്നിലുണ്ടായിരുന്നു.
പൊതുമരാമത്ത് ചെയ്തില്ല എന്നു പറഞ്ഞൊഴിയാനല്ല ജനം വോട്ട് തന്നത്. സർക്കാർ വകുപ്പുകളുടെ ജനസേവനം ഇങ്ങനെയൊക്കെയാണെന്ന് അറിയാവുന്ന മാധ്യമങ്ങൾ ഇത്തരം ആപത്തുകൾ ഒന്നോ രണ്ടോ തവണയല്ല നിരന്തരം ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. കെടുകാര്യസ്ഥതയുടെ ഭരണരഥത്തിൽ വിനോദയാത്ര നടത്തുന്ന ഉദ്യോഗസ്ഥവൃന്ദം അത്ര സുഖിമാന്മാരും ഉദാസീനരുമായെന്നത് മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാന ബോധ്യമാകണം.
ഇനിയൊരു നാട്ടുനടപ്പ് ആചാരപ്രകാരം നടന്നേക്കും. 15 കൊല്ലം മുടന്തൻന്യായം എഴുന്നള്ളിച്ചവർ ഉടനെ കലുങ്കുപണി തുടങ്ങും. ബഹളം തീരുന്ന മുറയ്ക്ക് ഉത്തരവാദികളില്ലാത്ത ഒരു റിപ്പോർട്ട് പൊതുമരാമത്തുവകുപ്പ് ‘ബഹു.’ മന്ത്രിക്കു സമർപ്പിക്കും. അപകടക്കെണി ഒഴിവാകുന്നതോടെ ജനങ്ങളും അതു മറക്കും. പരിക്കേറ്റവരുടെയും കൊല്ലപ്പെട്ട ജെയിസിന്റെ കുടുംബാംഗങ്ങളുടെയും നഷ്ടങ്ങൾ സ്വകാര്യ വിഷയങ്ങളായി മാറും.
മൂടിയില്ലാത്ത ഓടകൾ, നിർമാണബാക്കികൾ, മുന്നറിയിപ്പില്ലാത്ത അപകടക്കെണികൾ, തകർന്ന മുന്നറിയിപ്പു ബോർഡുകൾ, വെള്ളക്കെട്ടുകൾ, പുതിയ റോഡിലെ അപ്രതീക്ഷിത കുഴികൾ, പുത്തൻ റോഡിലെ ജല അഥോറിറ്റിയുടെ വെട്ടിപ്പൊളിക്കലുകൾ, തകർന്ന റിഫ്ലക്ടറുകൾ, റോഡ് സുരക്ഷാ കണ്ണാടികൾ (Convex Mirrors)... നൂറുകണക്കിന് അപകടക്കെണികളാണ് സംസ്ഥാനത്ത് ഉടനീളമുള്ളത്. ഈ ചെറിയ കാര്യങ്ങളെങ്കിലും ചെയ്തില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഈ മാസത്തെ ശന്പളം കൊടുക്കില്ലെന്നു പറയാനുള്ള ആർജവം സർക്കാരിനുണ്ടായാൽ പരിഹരിക്കാൻ മണിക്കൂറുകൾ മതി. പക്ഷേ, ഇച്ഛാശക്തി വേണം.
Kerala
തൃശൂർ: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സമചിത്തതയോടെ തീരുമാനമെടുക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. സർക്കാരിന്റെ അഭിപ്രായമനുസരിച്ചല്ല സുപ്രീംകോടതി വിധിപറയുന്നത്. സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് ഇടതുപക്ഷ പ്രവർത്തകയല്ല.
കലാപമോ തങ്ങൾക്കനുകൂല സാഹചര്യമോ ലക്ഷ്യമിട്ടു നിക്ഷിപ്ത താത്പര്യക്കാരാണ് ഹർജി നൽകിയത്. ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ സർക്കാർ ഉത്തരവാദിത്വത്തോടെ ഇക്കാര്യം കൈകാര്യം ചെയ്യണം. ഇത്തരം വിഷയങ്ങൾ വിവാദമാക്കുന്നതു നിക്ഷിപ്ത താത്പര്യക്കാരാണ്.
നിഷ്കളങ്കരായ പലരും ഇതിൽ വീണുപോകുന്നു. കൂട്ടായി ഉരുത്തിരിയുന്ന അഭിപ്രായങ്ങളേ സർക്കാരിനു പറയാൻ കഴിയൂ. ഇടതുപക്ഷത്തെ പ്രതിനിധീകരിച്ചു പ്രേംകുമാറിന് ഇനിയും നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിയും. യുഡിഎഫ് തകർന്ന പാളയമാണ്.
പ്രസംഗപീഠത്തിനു പിന്നിൽ നടന്ന അടി നാം കണ്ടതാണ്. എത്ര ജീർണിച്ച സാംസ്കാരിക സാഹചര്യമാണ് അവർ ഉണ്ടാക്കുന്നത്. ജനപ്രതിനിധിക്കെതിരേ വരെ നിരവധി പരാതികൾ ഉയർന്നു. ഇവർക്കൊപ്പം പോകുന്നതാണോ നല്ലതെന്നു പ്രേംകുമാർ ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവിൽ നിന്ന് തലയൂരാൻ ഈ മാസം 17ന് നിർണായക യോഗം ചേരും. ഊരാളുങ്കൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളോട് തുക കുറയ്ക്കാൻ ദേവസ്വം ബോർഡ് ആവശ്യപ്പെടും.
കടുത്ത സാന്പത്തിക പ്രതിസന്ധിയാണ് ബോർഡിന് മുന്നിലുള്ളത്. ഇതോടെ സ്പോൺസർമാരിൽ നിന്നും കിട്ടേണ്ട പണം നേടിയെടാക്കാനും ശ്രമം ആരംഭിക്കും. ഊരാളുങ്കലിന് മാത്രം നാല് കോടിയിലധികം രൂപയാണ് നൽകാനുള്ളത്.
ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകാനുള്ള സമയപരിധിക്കുള്ളിൽ ഇടപാടുകൾ അവസാനിപ്പിക്കാനാണ് നീക്കം.അയ്യപ്പസംഗമത്തില്‍ പന്തലൊരുക്കിയതിലും അതിഥികള്‍ക്ക് ഹോട്ടല്‍ മുറികൾ എടുത്തിനുമായി ഇനിയും ബോർഡ് നൽകാനുള്ളത് 4.35 കോടിലധികം രൂപയെന്നാണ് ഓഡിറ്റ് റിപ്പോർട്ട്.
തിരുവനന്തപുരത്തും കൊച്ചിയിലും കുമരകത്തും മൂന്നാറിലുമുള്ള ഹോട്ടലുകള്‍ക്കാണ് ഇനിയും തുക നൽകാനുള്ളത്. ഭക്ഷണം വിതരണം ചെയ്ത കണക്കിലും പൊരുത്തകേടുകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
പന്തൽ തയാറാക്കിയ ഊരാളുങ്കലിന്റെ അനുബന്ധ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കണ്‍സ്ട്രക്ഷന്‍ നൽകാനുള്ളത് നാല് കോടി രൂപയാണ്. ഭക്ഷണം വിതരണം ചെയ്ത കണക്കിലും പൊരുത്തക്കേടുകളുണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
National
ന്യൂഡൽഹി: കമ്മ്യൂണിസ്റ്റ് സർക്കാർ ഉള്ളിടത്തോളം കാലം കേരളത്തിൽ നിക്ഷേപത്തിന് യാതൊരു സാധ്യതയുമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേരളത്തിൽ 3500 കോടി രൂപയുടെ നിക്ഷേപമുള്ള ഒരു വ്യവസായ ഗ്രൂപ്പ് അവിടെ നിന്നു മറ്റൊരിടത്തേക്കു മാറി.
നിക്ഷേപകരെ സ്വാധീനിക്കാൻ മറ്റു സംസ്ഥാനങ്ങൾ ശ്രമിക്കുന്പോൾ കേരളത്തിൽ അതു സംഭവിക്കുന്നില്ലെന്നും നിർമല കുറ്റപ്പെടുത്തി. ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിലാണ് കേരളത്തെ നിർമല രൂക്ഷമായി വിമർശിച്ചത്. പ്രതിപക്ഷം ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളെ ഉൾപ്പെടെ രൂക്ഷമായി വിമർശിക്കുന്നതായിരുന്ന നിർമലയുടെ മറുപടിപ്രസംഗം.
നാളികേരത്തിനും കശുവണ്ടിക്കും ചന്ദനമരത്തിനുമുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ കേരളത്തെക്കൂടി ഉദ്ദേശിച്ചുള്ളതാണ്. കേരളത്തിനു നാളികേര സന്പത്ത് വികസിപ്പിക്കുന്നതിനുള്ള പദ്ധതി ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കശുവണ്ടിക്കായി വികസിപ്പിക്കുന്ന പദ്ധതിയുടെ 75 ശതമാനം ഗുണഭോക്താതാവ് കേരളമായിരിക്കുമെന്നും നിർമല വ്യക്തമാക്കി. ചന്ദന മരത്തെക്കുറിച്ച് ആദ്യമായി സംസാരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അതു വ്യാപിപ്പിക്കാനുള്ള പദ്ധതി കേരളത്തിനുംകൂടിയുള്ളതാണെന്നും നിർമല വ്യക്തമാക്കി.
എന്നാൽ, കേരളത്തിലെ ഏറെക്കാലത്തെ ആവശ്യമായ എയിംസ് ഉൾപ്പെടെയുള്ള വിഷയത്തിൽ നിർമല മൗനം പാലിക്കുന്നതാണ് മറുപടിപ്രസംഗത്തിൽ കണ്ടത്. സംസ്ഥാനങ്ങൾക്കുള്ള ആകെ ബജറ്റ് വിഹിതം ഇക്കുറി 25.44 ലക്ഷം കോടി ആയിരിക്കുമെന്നും കഴിഞ്ഞ സാന്പത്തിക വർഷത്തിൽനിന്ന് 2.7 ലക്ഷം കോടിയുടെ വർധനവാണിതെന്നും നിർമല വ്യക്തമാക്കി.
രാഷ്ട്രീയവിഷയങ്ങൾ ഉൾപ്പെടെ പരാമർശിച്ചുകൊണ്ടായിരുന്നു കേരളത്തിനെതിരേ നിർമല വിമർശനങ്ങൾ ഉന്നയിച്ചത്. ഒരു ലക്ഷം ജനസംഖ്യ എടുത്താൽ പട്ടികജാതി- പട്ടികവർഗത്തിനെതിരേ ഏറ്റവും കൂടുതൽ കുറ്റകൃത്യം നടക്കുന്നത് കേരളത്തിലാണ്. നിലവിൽ സംസ്ഥാനം ഭരിക്കുന്ന സർക്കാരിന്റെ കീഴിൽ 399 സഹകരണ സ്ഥാപനങ്ങൾ ഇല്ലാതായി. കേരളത്തിൽ 125 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നതായും നിർമല ആരോപിച്ചു.
Kerala
തലശേരി: നല്ല കമ്യൂണിസ്റ്റുകാര്‍ക്കും ഇടതു സഹയാത്രികര്‍ക്കും ഇടതുസര്‍ക്കാരിനോട് താത്പര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കവി സച്ചിദാനന്ദന്റെ പ്രസ്താവന ഈ നിഗമനത്തിന് അടിവരയിടുന്നതാണ്.
സിപിഎമ്മിനുണ്ടായ അപചയത്തെക്കുറിച്ച് ഏറ്റവും കുടുതല്‍ ബോധവാന്മാര് നല്ല കമ്യൂണിസ്റ്റുകളും ഇടതുസഹയാത്രികരുമാണെന്നും അദ്ദേഹം പറഞ്ഞു. പുതുയുഗ യാത്രയുടെ ഭാഗമായി തലശേരിയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായി രുന്നു പ്രതിപക്ഷ നേതാവ്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ പ്രീണനവും അതുകഴിഞ്ഞപ്പോള്‍ ഭൂരിപക്ഷ പ്രീണനവുമാണു സിപിഎം നടത്തിയത്. പക്ഷേ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ രണ്ടും ഇല്ലാത്ത അവസ്ഥയായി. മൊത്തത്തില്‍ കണ്‍ഫ്യൂഷനാണ്. അത് അവര്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കു ബോധ്യമുണ്ട്. ഇടതുപക്ഷ നിലപാടില്‍നിന്നും സിപിഎമ്മും സര്‍ക്കാരും തീവ്രവലതുപക്ഷമായി. സംഘ്പരിപവാറിന്റെ അതേ പാതയിലാണു സിപിഎം പ്രയാണം നടത്തുന്നത്.
ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പം ഫോട്ടോ വന്നതിന്റെ പേരിലാണ് അടൂര്‍ പ്രകാശിനെ ചോദ്യംചെയ്തതെങ്കില്‍ ഞങ്ങള്‍ക്ക് അതില്‍ ഒരു വിരോധവുമില്ല. ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പം ഫോട്ടോയുള്ള പിണറായി വിജയനെക്കൂടി ചോദ്യംചെയ്യണം. മൂന്ന് സിപിഎം നേതാക്കളാണ് അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നതിന് ജയിലില്‍ കിടക്കുന്നത്.
പയ്യന്നൂര്‍ ധനരാജ് രക്തസാക്ഷി ഫണ്ട് എംഎല്‍എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ തട്ടിയെടുത്തെന്ന് ആരോപണം ഉന്നയിച്ച പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗത്തി നെതിരേ നടപടി എടുത്തവരാണ് തട്ടിപ്പ് നടത്തി ജയിലില്‍ കിടക്കുന്നവര്ക്കെതിരേ നടപടി എടുക്കാത്തത്. ഇത് എന്തൊരു പാര്‍ട്ടിയാണ്? എസ്ഐടിക്കു മേല്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുകയാണ്. അയ്യപ്പന്റെ സ്വര്‍ണം കട്ടത് സിപിഎമ്മും സിപിഎം നേതാക്കളുമാണ്. എന്നിട്ടും പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.
പോറ്റി കള്ളനാണെന്ന് അറിയുന്നതിനു മുന്‍പ് എടുത്ത ഫോട്ടോകളാണു പുറത്തു വന്നിരിക്കുന്നത്. ഇയാള്‍ കള്ളനാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അയാള്‍ക്കൊപ്പമുള്ള ഫോട്ടോയ്ക്കു മുഖ്യമന്ത്രി നില്‍ക്കുമോ? സ്വര്‍ണം കട്ടത് ആരാണെന്നു കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. രാഷ്ട്രീയ നേതാക്ക ള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കുമൊപ്പം എല്ലാവരും ഫോട്ടോയെടുക്കും. അവരില്‍ ആരെങ്കിലും പിന്നീട് കേസുകളില്‍ പ്രതികളായാല്‍ ഭയങ്കര ബന്ധമാണെന്നു പറയും. അതൊക്കെ പറയുന്നതില്‍ മര്യാദയും അന്തസും വേണം. അത് സിപിഎമ്മിനില്ല.
പുതുയുഗ യാത്രയുടെ ഭാഗമായി കേരളത്തെ സംബന്ധിക്കുന്ന പരിപാടികള്‍ പ്രഖ്യാപിക്കും. ആരോ ഗ്യമേഖലയിലെ വിഷന്‍ ഡോക്യുമെന്റ് കോഴിക്കോട് അവതരിപ്പിക്കുന്നത് മുതല്‍ ജാഥ തിരുവനന്ത പുരത്ത് സമാപിക്കുന്നതു വരെ എവിടയൊക്കെയാണോ സര്‍ക്കാര്‍ പരാജയപ്പെട്ടത് അവിടെയൊക്കെ യുഡിഎഫിനുള്ള ബദല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും സതീശൻ പറഞ്ഞു. പത്രസമ്മേളനത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി, ഷാഫി പറമ്പില്‍ എംപി എന്നിവരും പങ്കെടുത്തു.
Kerala
കാഞ്ഞങ്ങാട്: കാസർഗോഡ് കേരളത്തിന്റെ സോളാര്‍ ഹബ് ആയി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചീമേനി, പെര്‍ദാല എസ്റ്റേറ്റുകളിലെ സോളാര്‍ വൈദ്യുത നിലയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിലവിൽ കാസർഗോഡ് ജില്ലയിൽ പൈവളിഗെയിലും അമ്പലത്തറയിലും കരിന്തളത്തും സോളാര്‍ പാര്‍ക്കുകളുണ്ട്. ചീമേനിയിലും പെർദാലയും കൂടി സൗരോർജ വൈദ്യുത നിലയം വരുന്നതോടെ കാസർഗോഡ് കേരളത്തിന്റെ സോളാര്‍ ഹബ് ആയി മാറുമെന്ന് പിണറായി വിജയൻ പറഞ്ഞു.
എസ്റ്റേറ്റുകളില്‍ ബാറ്ററി സ്റ്റോറേജോടുകൂടിയ 110 മെഗാവാട്ട് സോളാര്‍ നിലയം സ്ഥാപിക്കുന്നതാണ് പദ്ധതി. ചീമേനി എസ്റ്റേറ്റില്‍ 80 മെഗാവാട്ട് നിലയവും പെര്‍ദാല എസ്റ്റേറ്റില്‍ 30 മെഗാവാട്ട് നിലയവുമാണ് ലക്ഷ്യമിടുന്നത്.
നാല് മുതല്‍ എട്ട് മണിക്കൂര്‍ വരെ വൈദ്യുതി ലഭ്യമാക്കുന്ന നിലയിലാണ് പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് യാഥാര്‍ഥ്യമാകുന്നതോടെ വടക്കന്‍ മലബാറിന്റെ വികസന കുതിപ്പിന് ഊര്‍ജം പകരുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Kerala
കൊല്ലം: ഇടത് സർക്കാർ കെഎസ്ആർടിസിയെ ലാഭത്തിലാക്കിയെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ. കാലോചിതമായ പരിഷ്ക്കാരങ്ങളിലൂടെ സംസ്ഥാന സർക്കാരിന് കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ സാധിച്ചെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
അടിസ്ഥാന സൗകര്യ മേഖലയിലെ വിപുലീകരണം പൊതുഗതാഗത സംവിധാനങ്ങളെയും മെച്ചപ്പെടുത്തും. കെഎസ്ആർടിസിയുടെ വരുമാന വർധനവിനും യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സർക്കാർ നടപ്പാക്കിയ പദ്ധതികൾ വിജയിച്ചുവെന്നും ബാലഗോപാൽ പറഞ്ഞു.
ഇടിസി അങ്കണവാടി ജംഗ്ഷൻ മുതൽ കൊട്ടാരക്കര വരെയും തിരിച്ചും സർവീസ് നടത്തുന്ന സർക്കുലർ മിനി ബസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.എൻ. ബാലഗോപാൽ. ഇടിസി ജംഗ്ഷനും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചുള്ള പുതിയ സ്ഥാപനങ്ങളിലേക്കെത്താൻ സാധിക്കും വിധമാണ് പുതിയ ബസ് സർവീസ് നടപ്പാക്കിയതെന്നും മന്ത്രി അറിയിച്ചു.
ഇടിസി ജംഗ്ഷൻ, തോട്ടമുക്ക്, നവോദയ, കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ, കൊട്ടാരക്കര ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലൂടെ രാവിലെയും വൈകിട്ടുമായാണ് ബസ് സർവീസ്.
Kerala
മലപ്പുറം: കേന്ദ്ര ബജറ്റിന് പിന്നാലെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കേന്ദ്രസർക്കാർ കോർപറേറ്റ് അനുകൂല നിലപാട് സ്വീകരിക്കുകയാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തൊഴിലാളി വിരുദ്ധനയമാണ് നടപ്പാക്കുന്നതെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ വിമർശനം ഉന്നയിച്ചു. ആശാവർക്കർമാരെ നിരാശാ വർക്കർമാർ ആക്കിയവരാണ് സംസ്ഥാന സർക്കാരെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് വന്നപ്പോൾ ചില ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. സർക്കാർ ഒരു കാര്യം മറക്കരുത്, സർക്കാർ നിലപാടിനെതിരെ ഏറ്റവും വലിയ സമരം വരാനിരിക്കുന്നതേയുള്ളൂ. ജനാധിപത്യ സമരത്തിൽ ഇടത് സർക്കാർ ഒലിച്ചു പോകുമെന്നും സാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടു.
തൊഴിൽ വിരുദ്ധത ഉണ്ടായാൽ തൊഴിലാളികൾ രാഷ്ട്രീയം നോക്കാതെ സമരം ചെയ്യുമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.
District News
മാവേലിക്കര: എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുഗതാഗത സംവിധാനം തകര്‍ത്ത് സ്വകാര്യമേഖലയ്ക്ക് സഹായം നല്‍കിയതായി കെപി സി സി ജനറല്‍ സെക്രട്ടറി കെ.പി. ശ്രീകുമാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ച് കായംകുളം-ചങ്ങനാശേരി, ഹരിപ്പാട്-പത്തനംതിട്ട ചെയിന്‍ സര്‍വീസുകളും ഗുരുവായൂര്‍, തെങ്കാശി, സീതാമൗണ്ട് സര്‍വീസുകള്‍ നിര്‍ത്തലാക്കിയതിലും പ്രതിഷേധിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അനി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് കെ.ആര്. മുരളീധരന് കുറ്റപത്രം അവതരിപ്പിച്ചു. മാര്‍ച്ച് കെഎസ്ആര്‍ടിസിക്കു മുന്നില്‍ പോലീസ് തടഞ്ഞു.
എടിഒയെ കാണണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ചെങ്കിലും എസ്എച്ച്ഒ നടത്തിയ ചര്‍ച്ചയില്‍ നേതാക്കള്‍ ഇടപെട് ഡിപ്പോയ്ക്കു മുന്നില്‍ പ്രതിക്ഷേധ യോഗം നടത്തി പിരിയുകയായിരുന്നു.
കെപിസിസി അംഗം കുഞ്ഞുമോള്‍ രാജു, നഗരസഭാ ചെയര്‍പേഴ്സണ്‍ ലളിതാ രവീന്ദ്രനാഥ്, വൈസ് ചെയര്മാന് കെ. ഗോപന്, ഡിസി സി ജനറല്‍ സെക്രട്ടറിമാരായ നൈനാന് സി. കുറ്റിശേരി, കെ എല്‍ മോഹന്‍ലാല്‍, ഡിസിസി അംഗങ്ങളായ അജിത്ത് കണ്ടിയൂര്‍, പഞ്ചവടി വേണു, രാജന് കുറത്തികാട്, എസ് വൈ ഷാജഹാന്, ഷൗക്കത്ത് വള്ളികുന്നം, മണ്ഡലം പ്രസിഡന്റുമാരായ രാജീവ് കുമാര്‍, മാത്യു കണ്ടത്തില്‍, രാമചന്ദ്രക്കുറുപ്പ്, പ്രകാശ് സരോവരം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓംബുഡ്സ്മാനായി മുൻ ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ നിയമിക്കാനുള്ള മന്ത്രിസഭ തീരുമാനത്തിനെതിരെ പരാതി നൽകുമെന്ന് സിഎംഡിആർഎഫ് കേസിലെ പരാതിക്കാരൻ.
സിഎംഡിആർഎഫ് വകമാറ്റിയ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ക്ലീൻ ചിറ്റ് നൽകിയതിലെ ഉപകാര സ്മരണയാണെന്ന് പരാതിക്കാരൻ ആർ.എസ്. ശശി കുമാർ ആരോപിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് നിയമനം സംബന്ധിച്ച തീരുമാനം.
നിയമനത്തിനെതിരെ ഗവർണർക്ക് പരാതി നൽകുമെന്നും പൊതുപ്രവർത്തകനും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പ്രസിഡന്റുമായ ആർ.എസ്. ശശി കുമാർ അറിയിച്ചു. ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണ് സർക്കാർ തീരമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകായുക്ത പദവി വഹിച്ചിരുന്നയാൾക്ക് ഇങ്ങനെയൊരു പദവി വഹിക്കാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശശി കുമാർ ഗവർണർക്ക് പരാതി നൽകാനൊരുങ്ങുന്നത്. നേരത്തെ ബാബു മാത്യു പി. ജോസഫിനെ ഫീ റെഗുലേറ്ററി കമ്മീഷൻ ചെയർമാനായി നിയമിക്കാൻ ശ്രമം നടന്നിരുന്നു.
എന്നാൽ ആർ.എസ്. ശശി കുമാർ ഉൾപ്പെടെ അന്ന് പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിൽ സർക്കാർ തീരുമാനത്തിൽ നിന്ന് പിൻമാറുകയായിരുന്നു.
Kerala
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ അവസാന നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുക. മാർച്ച് 26വരെയാണ് നിയമസഭാ സമ്മേളനം.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനപ്രിയ പ്രഖ്യാപനങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിലുണ്ടാകും. എന്നാൽ കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന ചില ഭാഗങ്ങൾ ഗവർണർ വായിക്കില്ലെന്നാണ് വിവരം.
സംസ്ഥാനത്തെ കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കുന്നു തുടങ്ങിയ വിമർശനങ്ങൾ ഗവർണർ വായിക്കാതെ വിടും. ജനുവരി 29ന് ആണ് ബജറ്റ് അവതരണം. ബജറ്റിൻ മേലുള്ള ചർച്ച പൂർത്തിയാക്കി പാസാക്കുന്നതിന് മുമ്പ് തന്നെ തെരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടായേക്കും.
അതേസമയം കഴിഞ്ഞ സമ്മേളനത്തിലുണ്ടായിരുന്ന മൂന്ന് എംഎൽഎമാർ ഇത്തവണയുണ്ടാകില്ല. കാനത്തിൽ ജമീല നവംബറിൽ മരിച്ചിരുന്നു. തൊണ്ടി മുതൽ കേസിൽ ശിക്ഷിക്കപ്പെട്ട ആന്റണി രാജു, ലൈംഗിക പീഡനക്കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരും സഭയിലുണ്ടായിരിക്കില്ല.
Kerala
പത്തനംതിട്ട: കേന്ദ്ര സർക്കാരിനെയും ബിജെപിയെയും വിമർശിച്ച് എൻസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ബിജെപി ശബരിമലയ്ക്ക് വേണ്ടി എന്ത് ചെയ്തെന്നും കേന്ദ്ര സർക്കാർ 10 വർഷമായി ഭരിക്കുന്നില്ലേയെന്നും സുകുമാരൻ നായർ ചോദിച്ചു.
വിമാനത്താവളം-റെയിൽവേ എല്ലാം എവിടെയെന്ന് ചോദിച്ച എൻസ്എസ് ജനറൽ സെക്രട്ടറി അവരുടെയൊക്കെ വീട്ടിലേക്കാണ് ട്രെയിൻ ഓടുന്നതെന്നും പറഞ്ഞു. ഏറ്റവും പ്രധാന ക്ഷേത്രമാണ് ശബരിമല. അവിടെ എന്തെങ്കിലും ചെയ്യാൻ ബിജെപിക്ക് കഴിഞ്ഞോയെന്നും സുകുമാരൻ നായർ ചോദിച്ചു.
ശബരിമലയിൽ ആചാരവും അനുഷ്ഠാനവും എല്ലാം പഴയത് പോലെ നടക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമല യുവതി പ്രവേശനം നടത്താൻ ഈ സർക്കാർ ശ്രമിച്ചെന്നും എന്നാൽ അതിനെ എൻഎസ്എസ് എതിർത്തെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
അന്ന് വോട്ട് കിട്ടാൻ ബിജെപിയും കോൺഗ്രസും കൂടെ കൂടി. പിന്നീട് അവർ അതുപേക്ഷിച്ചുപോയി. എന്നാൽ എൻഎസ്എസ് കേസുമായി മുന്നോട്ടുപോയി. ഒടുവിൽ തെറ്റ് ചെയ്ത സർക്കാർ അത് തിരുത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശബരിമല വികസനം സർക്കാർ ഉറപ്പുനൽകിയെന്നും സുകുമാരൻ നായർ വ്യക്തമാക്കി. തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിലും എൻസ്എസ് ജനറൽ സെക്രട്ടറി പ്രതികരിച്ചു. തെറ്റുചെയ്തത് ആരായാലും കർശന ശിക്ഷ കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അന്വേഷണം ശരിയായി തന്നെ പോകുന്നുണ്ട്. തന്ത്രി ആയാലും മന്ത്രി ആയാലും ശിക്ഷ കൊടുക്കണം. തന്ത്രി ദൈവത്തിന് തുല്യനല്ല. ഈ തന്ത്രിയുടെ സഹോദരൻ മുൻപ് വേറൊരു കേസിൽ പെട്ടില്ലേയെന്നും ജി. സുകുമാരൻ നായർ ചോദിച്ചു.
Editorial
ഒരുകാലത്ത് കേരളത്തിലെ ഇടതു പാർട്ടികളുടെ പന്തംകൊളുത്തി പ്രകടനങ്ങളിലും മനുഷ്യച്ചങ്ങലകളിലും ചുവരെഴുത്തുകളിലും നിറഞ്ഞുനിന്നിരുന്ന മുദ്രാവാക്യമായിരുന്നു, “തൊഴിൽ അല്ലെങ്കിൽ ജയിൽ”. തൊഴിൽരഹിതരായ യുവാക്കളുടെ സിരകളിൽ അഗ്നി പടർത്തിയ ആ രാഷ്ട്രീയ മുദ്രാവാക്യം വിളിച്ചവർക്ക് അധികാരം കിട്ടിയിട്ടും തൊഴിൽരഹിതരുടെ എണ്ണം വർധിച്ചതേയുള്ളൂ എന്നതു ചരിത്രം.
പക്ഷേ, ചരിത്രം തിരുത്തിയിരിക്കുന്നു. ‘തൊഴിൽ’ ഇല്ലാത്തതുകൊണ്ട് പകരം ആവശ്യപ്പെട്ട ‘ജയിൽ’ മികച്ച ശമ്പളത്തോടെ ഇടതു സർക്കാർ നടപ്പാക്കിയിരിക്കുന്നു. ആവശ്യപ്പെട്ടതിന്റെ ഇരട്ടിയോളം വർധിപ്പിച്ച് രാജ്യത്തെങ്ങുമില്ലാത്ത ശമ്പളം കേരളത്തിലെ ജയിൽപ്പുള്ളികൾക്ക് ഉറപ്പാക്കിയിരിക്കുന്നു.
620 രൂപവച്ച് 30 ദിവസം പണിയെടുത്താൽ സൗജന്യ ഭക്ഷണത്തിനും താമസത്തിനും ചികിത്സയ്ക്കും പുറമേ, 18,600 രൂപ! ആശമാർ ഉൾപ്പെടെയുള്ള പാവങ്ങൾക്കു വേതനം കഷ്ടിച്ച് 12,000. തൊഴിൽ വേണോ ജയിൽ വേണോ?
റേഷനും മരുന്നിനും പോലും തികയാത്ത തുച്ഛവേതനക്കാരുടെ കൺമുന്നിൽ പിഎസ്സി അംഗങ്ങൾക്ക് 1.25-1.5 ലക്ഷത്തോളം ശമ്പളവർധന കൊടുത്തതിന്റെ സാമൂഹികാഘാതം തിരിച്ചറിയാൻ ശേഷിയില്ലാത്ത ‘തൊഴിലാളിവർഗപ്പാർട്ടി’ക്കും ആരാധകർക്കും ഈ അഴിമതിയും മനസിലാകില്ല.
പറയാതെ വയ്യ; തുച്ഛവേതനംപോലും നിഷേധിച്ചും നിന്ദിച്ചും ഈ സർക്കാർ ചവിട്ടിത്തേച്ച നിസഹായരായ മനുഷ്യരുടെ വിയർപ്പിലും കണ്ണീരിലും ചാലിച്ചാണ് പിണറായി സർക്കാർ ഈ ഉത്തരവിൽ ഒപ്പിട്ടിരിക്കുന്നത്.
അവിദഗ്ധ ജോലികള്‍ ചെയ്യുന്ന തടവുകാരുടെ വേതനം 63 രൂപയിൽനിന്ന് 530 ആയും അർധവിദഗ്ധ ജോലിക്കാരുടേത് 127 രൂപയിൽനിന്ന് 560 ആയും വിദഗ്ധ ജോലിക്കാരുടേത് 152 രൂപയിൽനിന്ന് 620 ആയുമാണ് ഉയര്‍ത്തിയത്. ദിവസവേതനം പരമാവധി 350 ആക്കണമെന്ന ജയിൽവകുപ്പിന്റെ നിർദേശത്തിലാണ് 620 ആക്കി ഞെട്ടിച്ചത്.
മൂവായിരത്തിലധികം ജയില്പ്പുള്ളികള്ക്കാണ് വർധന. ഇതു ഹൈക്കോടതി നിർദേശത്തിന്റെയും സുപ്രീംകോടതി വിധിയുടെയും അടിസ്ഥാനത്തിലാണെന്നാണ് ന്യായീകരണം. എങ്കിൽ കുറഞ്ഞ വേതനത്തിന്റെ അടിസ്ഥാനത്തിലുള്ള ആ നിർദേശം, ആശമാർ, അങ്കണവാടി ജീവനക്കാർ, സ്കൂൾ പാചകത്തൊഴിലാളികൾ... തുടങ്ങി നിരവധി അത്താഴപ്പട്ടിണിക്കാരുടെ കാര്യത്തിൽ എന്തുകൊണ്ടാണ് നടപ്പാക്കാത്തത്?
ആ മനുഷ്യർക്ക് ഈ സർക്കാർ ‘ഭിക്ഷ’ പോലെ എറിഞ്ഞുകൊടുക്കുന്ന നിസാര വേതനത്തിൽനിന്നാണ് ഭക്ഷണവും താമസവും ചികിത്സയുമൊക്കെ. തടവുകാർക്കു ശമ്പളത്തിനു പുറമേ മേൽപ്പറഞ്ഞതൊക്കെ സൗജന്യവും.
ജയിലിലുള്ളവരും മനുഷ്യരാണ്. കൊടുംക്രിമിനലുകളും പാർട്ടിക്കുവേണ്ടി ക്രൂരകൊലപാതകങ്ങൾ നടത്തി ജയിലിൽ ‘സുഖവാസം’ നടത്തി പരോളിൽ വിലസുന്നവരും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നവരും മാത്രമല്ല, അപ്രതീക്ഷിത സാഹചര്യങ്ങളാൽ കുറ്റവാളികളായവരുമുണ്ട്.
അവർക്കു കൃത്യമായ ജോലിയും സുഖസൗകര്യങ്ങളും മുന്തിയ ഭക്ഷണവും പുറത്തുള്ളതിനേക്കാൾ ശന്പളവും കൊടുത്താണോ മാനസാന്തരപ്പെടുത്തേണ്ടത് എന്ന ചോദ്യം അവിടെ നിൽക്കട്ടെ. എന്തുകൊണ്ടാണ് അവർക്കു ശമ്പളം വർധിപ്പിച്ചപ്പോൾ ഈ സംസ്ഥാനത്തെ മനുഷ്യർ പ്രതിഷേധിച്ചതെന്ന് ഈ സർക്കാർ തിരിച്ചറിയണം.
അത് ഈ സർക്കാരും പാർട്ടിയും ഇവിടത്തെ തുച്ഛവരുമാനക്കാരുടെ കണ്ണീർസമരങ്ങളോടു സ്വീകരിച്ച നിഷേധാത്മകവും മാടമ്പിത്തരത്തിൽ ഊന്നിയതുമായ സമീപനം ജനം മറന്നിട്ടില്ലാത്തതുകൊണ്ടാണ്. ഇന്ത്യയിൽ ഏറ്റവുമധികം വേതനം തടവുപുള്ളികൾക്കു കൊടുക്കുന്ന സംസ്ഥാനമെന്ന ഖ്യാതിയാണ് ലക്ഷ്യമെങ്കിൽ സഹതപിക്കുന്നു.
പക്ഷേ, ഇത്തരം പൊങ്ങച്ചങ്ങളിലല്ല ജനാധിപത്യമെന്ന് ഓർമിപ്പിക്കുകയും ചെയ്യുന്നു. 3.5 -4 ലക്ഷം രൂപ ശമ്പളം വാങ്ങുന്നവരുടെ ആവശ്യം പെട്ടെന്നു മനസിലാകുകയും 10,000-12,000 രൂപ വേതനം വാങ്ങുന്നവരുടേതു നാടകമാണെന്നു തോന്നുകയും ചെയ്യുന്ന രാഷ്ട്രീയബോധം പാവങ്ങളും സാധാരണക്കാരുമായി ഒരു ബന്ധവുമുള്ളതല്ല.
ജയിൽപ്പുള്ളികളുടെ വേതനം കുറയ്ക്കേണ്ട. പക്ഷേ, 200-300 രൂപ വേതനക്കാരുടെ മുഖത്തു നോക്കി പാട്ടപ്പിരിവുകാരെന്നും ഈർക്കിൽ സംഘടനയെന്നും സാംക്രമികരോഗങ്ങൾ പരത്തുന്ന കീടങ്ങളെന്നും വിളിച്ച പാർട്ടി നേതാക്കളുടെ ധാർഷ്ട്യം തിരുത്തി ആശമാർ ഉൾപ്പെടെയുള്ളവരുടെ പ്രതിഫലം വർധിപ്പിക്കണം.
സംസ്ഥാനത്തെ ഏറ്റവും പാവപ്പെട്ടവരായ മനുഷ്യരുടെ കുറഞ്ഞ ശമ്പളം ജയിൽപ്പുള്ളികളുടേതിനു തുല്യമെങ്കിലും ആക്കണം. അല്ലെങ്കിൽ അഴിമതിയുടെ തൊപ്പിയിൽനിന്നു പ്രീണനമുയലുകളെ എടുത്തുകാണിക്കുന്ന തെരഞ്ഞെടുപ്പ് ജാലവിദ്യക്കാർ വേദിയിൽനിന്നു മാറണം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ ശിക്ഷിക്കപ്പെട്ടവരുടെ പ്രതിദിന വേതനം വർധിപ്പിച്ച സർക്കാർ തീരുമാനത്തെ പിന്തുണച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തുവന്നത്.
ഇതിന് പിന്നാലെ ഉയർന്ന് വിമർശനങ്ങളിലാണ് സർക്കാരിനെ പിന്തുണച്ച് ഇ.പി. രംഗത്തെത്തിയത്. അവർ പാവങ്ങളല്ലേയെന്ന് അഭിപ്രായപ്പെട്ട ഇ.പി.ജയരാജൻ വേതനം വർധിപ്പിച്ചതിനെ എന്തിനാണ് എതിർക്കുന്നതെന്ന് ചോദിച്ചു.
പലസാഹചര്യങ്ങളാൽ കുറ്റവാളികളായി പോയവരാണ് ജയിലിൽ കിടക്കുന്നത്. അവർക്ക് ചില്ലറ പൈസ വർധിപ്പിച്ചത് കാലോചിതമായ നടപടിയാണ്. അതിനെ എന്തിനാണ് വിമർശിക്കുന്നത്. ഇത്തരം വിമർശനങ്ങളുണ്ടായാൽ സർക്കാർ എന്ത് ചെയ്യാനാണെന്നും അദ്ദേഹം ചോദിച്ചു.
തൊഴിലുറപ്പ് തൊഴിലാളികൾക്ക് പ്രതിദിന വേതനം 369 രൂപയാണ്. അത് വർധിപ്പിക്കാത്തത് കേന്ദ്ര സർക്കാരാണെന്നും ഇ.പി ആരോപിച്ചു. അതിന് കേന്ദ്ര സർക്കാരിന് മേൽ സമ്മർദം ചെലുത്തണമെന്നും ഇ.പി.ജയരാജൻ കൂട്ടിച്ചേർത്തു.
സ്കിൽഡ്, സെമി സ്കിൽഡ്, അൺ സ്കിൽഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് തടവുപുള്ളികൾക്ക് വേതനം വർധിപ്പിച്ചിരിക്കുന്നത്. സ്കിൽഡ് വിഭാഗത്തിൽ ജോലിനോക്കിയിരുന്നവർക്ക് നിലവിൽ ലഭിക്കുന്ന കൂലി 152 രൂപയാണ്. പുതുക്കിയ വേതന വ്യവസ്ഥ പ്രകാരം ഇവർക്ക് 620 രൂപ ലഭിക്കും.
സെമി സ്കിൽഡ് വിഭാഗത്തിൽ ജോലി നോക്കുന്നവർക്ക് ലഭിച്ചിരുന്ന തുക 127 രൂപയാണ്. ഇത് 560 രൂപയായി ഉയർത്താനാണ് സർക്കാർ തീരുമാനം. അൺ സ്കിൽഡ് ജോലികൾ ചെയ്യുന്നവർക്ക് 63 രൂപ ലഭിച്ചിരുന്നത് പുതുക്കിയ നിരക്ക് പ്രകാരം 530 രൂപ ലഭിക്കും.
Editorial
എല്ലാംകൊണ്ടും തികഞ്ഞവരെ മാത്രം ഉൾപ്പെടുത്തി രാഷ്ട്രീയമടക്കം ഒരു പ്രസ്ഥാനത്തിനും മുന്നോട്ടു പോകാനാകില്ല. പക്ഷേ, നേതൃസ്ഥാനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവരുടെയെങ്കിലും കുറ്റകൃത്യ പശ്ചാത്തലങ്ങൾ അന്വേഷിക്കണം; പ്രത്യേകിച്ച് സ്ത്രീവിഷയങ്ങളിൽ.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്നത് മറ്റു രാഷ്ട്രീയപാർട്ടികൾക്കും മാതൃകയാണ്. പക്ഷേ, ഇപ്പോൾ ആരോപിക്കപ്പെടുന്ന സ്വഭാവദൂഷ്യങ്ങൾ, അദ്ദേഹം ഉന്നതസ്ഥാനങ്ങളിലെത്തുവോളം മുതിർന്ന നേതാക്കൾ ഉൾപ്പെടെ ആരും അറിഞ്ഞിരുന്നില്ലേ എന്ന ചോദ്യമുണ്ട്.
അതായത്, കുറ്റവാളികളെ സംരക്ഷിക്കില്ല എന്ന നീതീകരണ രാഷ്ട്രീയത്തിൽനിന്ന്, അറിഞ്ഞുകൊണ്ട് കുറ്റവാളികളെ വളർത്തില്ല എന്ന മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിലേക്ക് പാർട്ടികൾ വളരേണ്ടിയിരിക്കുന്നു. ഈ നിലപാട് മത-സമുദായ-സാംസ്കാരിക സംഘടനകൾക്കുൾപ്പെടെ ബൃഹത്തായ സംവിധാനങ്ങൾക്കൊക്കെ ബാധകമാണ്.
കോടതി വിധിക്കുവോളം രാഹുൽ കുറ്റാരോപിതൻ മാത്രമാണെന്നതാണ് യാഥാർഥ്യം. പക്ഷേ, അന്തിമവിധി വരുന്നതിനു മുന്‍പ് അതു സൃഷ്ടിക്കുന്ന രാഷ്ട്രീയ വേലിയേറ്റങ്ങളിലൂടെ, ഈ സംസ്ഥാനം ചർച്ച ചെയ്യേണ്ട ഗൗരവമുള്ള പല വിഷയങ്ങളെയും കടലെടുക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും തെരഞ്ഞെടുപ്പുകാലത്ത്.
മാത്രമല്ല, അഴിമതിക്കാരും സ്ത്രീപീഡകരും അഹങ്കാരികളും ഏകാധിപതികളുമൊക്കെ രാഷ്ട്രീയ പാർട്ടികളുടെ താക്കോൽസ്ഥാനങ്ങൾ കൈവശപ്പെടുത്തി ജനാധിപത്യത്തെ മലിനപ്പെടുത്തുന്നതും കാണാതെ പോകരുത്. അവരിൽ പലരെയും വിമർശിക്കാനോ തിരുത്താനോ പോലും സാധ്യമല്ലാതായി.
രാഷ്ട്രീയ പാർട്ടികളിലും സംഘടനകളിലുമൊന്നും പ്രാദേശികതലം മുതൽ നേതൃസ്ഥാനത്തുള്ളവരുടെ സ്വഭാവ ഓഡിറ്റ് നടത്തുന്ന ഫലപ്രദമായ സംവിധാനങ്ങളൊന്നുമില്ല. മൂല്യബോധമുള്ള വ്യക്തികൾ അടങ്ങുന്ന പക്ഷപാതരഹിതമായ അത്തരമൊരു സംവിധാനം അനിവാര്യമായിരിക്കുന്നു.
ഒരുപറ്റം കുറ്റവാളികളുടെയോ ചിലപ്പോൾ കുറ്റാരോപിതരുടെയോ പേരിൽ സത്യസന്ധരായ രാഷ്ട്രീയക്കാരും നേതാക്കളും തലകുനിച്ചു നിൽക്കേണ്ട സ്ഥിതിയുണ്ടാകരുത്. കേരളത്തിൽ ആദ്യമായിട്ടല്ല രാഷ്ട്രീയ നേതാക്കളുടെ സ്ത്രീപീഡനക്കേസുകൾ ഉണ്ടാകുന്നത്.
അത്തരം കേസുകളിൽ കുടുങ്ങിയവരെ സംരക്ഷിച്ചവർ ഇന്നിപ്പോൾ ധാർമികതയുടെ കൊടിയേന്തി മുന്നോട്ടു വരുന്ന കാഴ്ച അത്യന്തം ജുഗുപ്സാവഹമാണ്. പക്ഷേ, കപടരാഷ്ട്രീയത്തിന് ലജ്ജയില്ല. 2025 സെപ്റ്റംബറിൽ പുറത്തുവന്ന റിപ്പോർട്ടുകളനുസരിച്ച്, ഇന്ത്യയിലെ 31 ശതമാനം എംപിമാരും 29 ശതമാനം എംഎൽഎമാരും ഗൗരവതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനു കേസുള്ളവരാണ്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പുള്ള കണക്കാണിത്. 2009ലെ കണക്കുകളനുസരിച്ച് ക്രിമിനൽ കേസുകളിൽപ്പെട്ട എംപിമാരുടെ ശതമാനം 14 ആയിരുന്നു. 2024ൽ ഇത് ഇരട്ടിക്കു മുകളിലായി. വിവിധ സംസ്ഥാനങ്ങളിലെ 1200 എംഎൽഎമാരാണ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളത്.
ബിജെപിയുടെ 63ഉം കോൺഗ്രസിന്റെ 32ഉം എംപിമാർ ക്രിമിനൽ കേസിൽ പ്രതികളായിരുന്നു. കോൺഗ്രസിന്റെ എണ്ണം കുറഞ്ഞത് എംപിമാരുടെ എണ്ണം കുറവായതുകൊണ്ടാണ്. ആർജെഡിക്ക് അന്നുണ്ടായിരുന്ന നാല് എംപിമാരും ക്രിമിനൽ കേസുകളിൽ പ്രതികളായിരുന്നു.
അഴിമതിയുടെയും മറ്റു സാന്പത്തിക കുറ്റകൃത്യങ്ങളുടെയും കേസുകളെടുത്താൽ കൃത്യമായൊരു കണക്ക് സാധ്യമല്ല. ഭരണകക്ഷിയിൽ പെട്ടവർക്കോ ഘടകകക്ഷികളിൽ പെട്ടവർക്കോ എതിരേ അന്വേഷണ ഏജൻസികൾ കേസെടുക്കാറില്ലെന്ന റിപ്പോർട്ടുകൾ ഇതോടു ചേർത്തു വായിക്കുക.
എങ്ങനെയാണ് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളിൽ കുറ്റവാളികൾ എംഎൽഎമാരും എംപിമാരും ആകുന്നത്. പാർട്ടി സ്ഥാനാർഥിയാക്കിയതുകൊണ്ട് എന്ന് ഒറ്റവാക്കിൽ പറയാം. രാഷ്ട്രീയ തിരിച്ചടികൾ ഉറപ്പാകുന്പോഴല്ലാതെ ഒരു പാർട്ടിയും ഇത്തരക്കാരെ തള്ളിപ്പറയുന്നില്ല.
രാഹുലിന്റെ ചോരയ്ക്കു മുറവിളി കൂട്ടുന്നവരുടെ എളിയിലുള്ളത് ആരൊക്കെയാണെന്ന് പാർട്ടി അടിമകളല്ലാത്തവർക്കു കാണാവുന്നതേയുള്ളൂ. വിദ്യാർഥിരാഷ്ട്രീയം മുതലേ അക്രമത്തിലും സ്ത്രീപീഡനത്തിലും മാർക്ക് തട്ടിപ്പിലുമൊക്കെ ഉൾപ്പെടുന്നവരുണ്ട്.
എതിരാളികളെ നേരിടാനും ഗുണ്ടായിസത്തിനുമൊക്കെയായി പാർട്ടികൾ അവരെ വളർത്തിയെടുക്കുന്നു. സ്വന്തം പണവും സമയവും അധ്വാനവും രാഷ്ട്രീയത്തിനുവേണ്ടി സമർപ്പിച്ചവരേക്കാൾ, ഇത്തരക്കാർ മുൻനിരയിലെത്തുന്നു.
ഇവരാണ് രാഷ്ട്രീയത്തെ പുതിയ തലമുറയിൽനിന്ന് അകറ്റിയത്. ഇതിനു മാറ്റമുണ്ടാകണമെങ്കിൽ രാഷ്ട്രീയ മൂല്യങ്ങളെ വീണ്ടെടുക്കണം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിശ്ചയിക്കുമ്പോൾ ചെറുതും വലുതുമായ എല്ലാ പാർട്ടികളും ഇക്കാര്യത്തിനു പ്രാധാന്യം നൽകണം.
അവകാശവാദങ്ങളും ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായുള്ള താരതമ്യങ്ങളും ഒഴിവാക്കിയാൽ, കേരളം വിദ്യാഭ്യാസ-ആരോഗ്യ-കാർഷിക രംഗങ്ങളിലൊന്നും സുസ്ഥിര വികസനം കൈവരിക്കുന്നില്ല. കേന്ദ്ര അവഗണനയും സംസ്ഥാനത്തിന്റെ കെടുകാര്യസ്ഥതയും സാന്പത്തികനിലയും വികസനവും പരുങ്ങലിലാക്കി.
വന്യജീവി-തെരുവുനായ ആക്രമണങ്ങൾ ഓരോ ദിവസവും മനുഷ്യരുടെ ചോര വീഴ്ത്തുകയാണ്. ഭർതൃമതികളായ സ്ത്രീകൾ ഉൾപ്പെടെയാണ് രാഹുലിനെതിരേ ബലാത്സംഗം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത്.
രജിസ്റ്റർ ചെയ്ത പീഡനക്കേസുകൾ കോടതികൾക്കു വിട്ടുകൊടുത്ത് നമുക്ക് കേരളത്തെക്കുറിച്ചു സംസാരിക്കാം. അഴിമതിയുടെയും അക്രമത്തിന്റെയും സുഖലോലുപതയുടെയും നേതൃത്വങ്ങളിൽനിന്നു രാഷ്ട്രീയത്തെ മോചിപ്പിക്കുക എളുപ്പമല്ല; പക്ഷേ, രാജ്യത്തെ കീഴടക്കിയ വെള്ളക്കാരെ നാടുകടത്തിയവരുടെ പിന്മുറക്കാർക്ക് രാഷ്ട്രീയത്തെ നശിപ്പിച്ച ‘വെള്ളാന’കളെയും തുരത്താനാകും.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സര്‍ക്കാര്‍ കുനിയാന്‍ പറയുമ്പോള്‍ ഇഴയുന്ന സര്‍ക്കാരാണ് പിണറായിയുടേതെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞെന്ന് ചെന്നിത്തല പറഞ്ഞു.
കേന്ദ്ര അവഗണനക്കെതിരെയെന്ന പേരിൽ പിണറായി വിജയൻ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹം വെറും കാപട്യവും കോമഡിയുമാണെന്നും രമേശ് ചെന്നിത്തല പരിഹാസമുയർത്തി.
കഴിഞ്ഞ 10 വർഷമായി കേന്ദ്ര അവഗണനക്കെതിരെ ചെറുവിരല്‍ അനക്കാത്തയാളാണ് മുഖ്യമന്ത്രി. സംസ്ഥാനത്തിന് അവകാശപ്പെട്ടതൊന്നും കേന്ദ്രത്തിൽ നിന്നും പിടിച്ചുവാങ്ങാൻ പിണറായി സർക്കാരിനായിട്ടില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
തരം കിട്ടുമ്പോഴൊക്കെ ഡൽഹിയിലെത്തി മോദിയെയും അമിത്ഷായെയും പ്രസാദിപ്പിക്കുകയും ചെയ്യും. എന്നിട്ടിപ്പോൾ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സത്യാഗ്രഹ സമരമെന്ന കോമഡിയുമായി ഇറങ്ങിയിരിക്കുകയാണെന്നും അദേഹം പറഞ്ഞു.
വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കുന്ന പിഎംശ്രീ പദ്ധതിയിലടക്കം ആരും അറിയാതെ ഡൽഹിയിൽ പോയി പഞ്ചപുഛമടക്കി ഒപ്പുവച്ചു പോന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായപ്പോഴാണ് ജനങ്ങളെ പറ്റിക്കാന്‍ കേന്ദ്ര വിരുദ്ധ സമരം എന്ന കോമഡിയുമായി മുഖ്യമന്ത്രി രംഗത്തിറങ്ങിയത്.
പിണറായിയും മോദിയും തമ്മിലുള്ള അന്തര്‍ധാര ജനങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ ഇളിഭ്യതയാണ് ഈ കേന്ദ്ര വിരുദ്ധ സമരത്തിനു പിന്നിൽ. അല്ലാതെ കേരളത്തോടുള്ള സ്നേഹമല്ലെന്നും ഇതൊന്നും തെരഞ്ഞെടുപ്പിൽ വിലപ്പോകില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ ശിക്ഷാതടവ് നേരിടുന്നവർക്ക് വേതനത്തിൽ വൻ വർധനവുമായി സർക്കാർ ഉത്തരവ്. സ്കിൽഡ്, സെമി സ്കിൽഡ്, അൺ സ്കിൽഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് തടവുപുള്ളികൾക്ക് വേതനം വർധിപ്പിച്ചിരിക്കുന്നത്.
മൂന്ന് വിഭാഗങ്ങളിലെയും വേതനത്തിലാണ് വൻ വർധനവിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. സ്കിൽഡ് വിഭാഗത്തിൽ ജോലിനോക്കിയിരുന്നവർക്ക് നിലവിൽ ലഭിക്കുന്ന കൂലി 152 രൂപയാണ്. പുതുക്കിയ വേതന വ്യവസ്ഥ പ്രകാരം ഇവർക്ക് 620 രൂപ ലഭിക്കും.
സെമി സ്കിൽഡ് വിഭാഗത്തിൽ ജോലി നോക്കുന്നവർക്ക് ലഭിച്ചിരുന്ന തുക 127 രൂപയാണ്. ഇത് 560 രൂപയായി ഉയർത്താനാണ് സർക്കാർ തീരുമാനം. അൺ സ്കിൽഡ് ജോലികൾ ചെയ്യുന്നവർക്ക് 63 രൂപ ലഭിച്ചിരുന്നത് പുതുക്കിയ നിരക്ക് പ്രകാരം 530 രൂപ ലഭിക്കും.
സംസ്ഥാനത്തെ നാല് സെൻട്രൽ ജയിലുകളിലായി 3,000ൽ അധികം തടവുകാർക്ക് പുതിയ ഉത്തരവിലൂടെ ആനുകൂല്യം ലഭിക്കും. 2018ൽ ആണ് തടവുപുള്ളികളുടെ വേതനം അവസാനമായി വർധിപ്പിച്ചത്.
കർണാടക, ജാർഖണ്ഡ്, തമിഴ്നാട്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ വേതനവുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്തെ തടവുകാർക്ക് ലഭിക്കുന്ന വേതനം വളരെ കുറവാണെന്നും ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
ജയിൽ അന്തേവാസികളുടെ വേതന വർധനവ് കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്നും അവരുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നിർണായക നടപടി കൂടിയാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
Kerala
തിരുവനന്തപുരം: വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന സർക്കാർ നിശ്ചയിച്ച പ്രായപരിധി നിബന്ധന കാറ്റിൽപറത്തി ഷെയ്ക് പരീതിന് വീണ്ടും കാലാവധി നീട്ടിനൽകി. തീരദേശ വികസന കോർപറേഷൻ എംഡി സ്ഥാനത്ത് തുടരുന്നതിനാണ് കാലാവധി നീട്ടിനൽകിയത്.
വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥർക്ക് പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉന്നത പദവികളിൽ തുടരുന്നതിന് 65 വയസാണ് സംസ്ഥാന സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രായപരിധി. എന്നാൽ ഷെയ്ക് പരീതിന് നിലവിൽ 67 വയസാണ് പ്രായം.
ഷെയ്ക് പരീതിന്റെ തന്നെ ആവശ്യപ്രകാരമാണ് സർക്കാർ കാലാവധി നീട്ടിയത്. തീരദേശ വികസന കോർപറേഷൻ വിവിധ പദ്ധതികളുമായി മുന്നോട്ട് പോവുകയാണെന്നും, താൻ എംഡി സ്ഥാനത്ത് നിന്ന് മാറിയാൽ പദ്ധതികൾ തടസപ്പെടുമെന്നും കാട്ടി പരീത് മന്ത്രി സജി ചെറിയാന് കത്ത് നൽകിയിരുന്നു.
ഇതേ തുടർന്നാണ് സംസ്ഥാന മന്ത്രിസഭാ യോഗം ഷെയ്ക് പരീതിന് കാലാവധി നീട്ടിനൽകിയത്. ഒരു വർഷത്തേക്കാണ് നിലവിൽ കാലാവധി നീട്ടിയിരിക്കുന്നത്. ഡിസംബർ 19ന് ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
Kerala
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളത്തെ മാത്രം ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നതെന്ന് കെ.എൻ. ബാലഗോപാൽ പറഞ്ഞു.
ഈ വർഷം മാത്രം സംസ്ഥാനത്തിന് ലഭിക്കാനുള്ള 17,000 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രി ആരോപിച്ചു. ഇങ്ങനെ ശ്വാസം മുട്ടിക്കാൻ കേരളത്തിലെ ജനങ്ങൾ ചെയ്ത പാതകമെന്തെന്നും ബാലഗോപാൽ ചോദിച്ചു.
ഡൽഹിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കെ.എൻ. ബാലഗോപാൽ. കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച നടപടിയിൽ പുനഃപരിശോധന വേണമെന്ന് കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടതായും ബാലഗോപാൽ വ്യക്തമാക്കി.
കേന്ദ്രം ആണ് ഇനി വിഷയത്തിൽ തീരുമാനം എടുക്കേണ്ടത്. ഐജിഎസ്ടി പൂളിൽ നിന്നും തുകയുടെ കാര്യത്തിൽ കുറവ് വന്നു. ഇതിൽ മാത്രം 965 കോടിയാണ് കുറഞ്ഞത്. ഇത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതായും ധനമന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വ്യക്തിഗത രേഖ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നൽകാനാണ് തീരുമാനം. സ്വന്തം അസ്തിത്വം തെളിയിക്കാന്‍ ജനങ്ങള്‍ പ്രയാസമനുഭവിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ നാട്ടിൽ ജനിച്ചു ജീവിക്കുന്നയാളാണെന്നോ, സ്ഥിരതാമസക്കാരനാണെന്നോ ആരുടെ മുന്നിലും അനായാസം തെളിയിക്കാന്‍ പ്രാപ്തനാക്കുന്ന തരത്തിലുള്ള കാർഡായിരിക്കും ഇത്. ഒരാളും പുറന്തള്ളപ്പെടുന്ന അവസ്ഥ വരരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരുമായിട്ട് ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റ് സാമൂഹ്യ ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടത്തക്കവിധമുള്ള നിയമ പിന്‍ബലത്തോടുകൂടിയ ആധികാരിക രേഖ ആയിട്ടാകും നേറ്റിവിറ്റി കാര്‍ഡ് നല്‍കുകയെന്നും മുഖ്യമന്ത്രി വിവരിച്ചു.
ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നത് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഗുണഭോക്തൃ തിരിച്ചറിയല്‍ രേഖയായി കാര്‍ഡിനെ ഉപയോഗപ്പെടുത്താനാകും. തഹസില്‍ദാര്‍മാര്‍ക്കായിരിക്കും കാര്‍ഡിന്റെ വിതരണച്ചുമതലയെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: രാജ്യത്ത് വിവിധയിടങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്ക് പിന്നിൽ സംഘപരിവാർ ശക്തികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലും ഇത്തരം ശക്തികൾ തല പൊക്കുന്നത് ഗൗരവതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ട് ആരംഭിച്ച പത്രസമ്മേളനത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ അസ്വസ്ഥതയുളവാക്കുന്നുവെന്നും പിണറായി അഭിപ്രായപ്പെട്ടു.എല്ലാത്തിനും പിന്നിൽ സംഘ പരിവാർ ശക്തികളാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ഉത്തർപ്രദേശ് സർക്കാർ ക്രിസ്മസ് അവധി തന്നെ റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തെ ബിജെപി ന്യായീകരിച്ചതായും പിണറായി വ്യക്തമാക്കി.
തപാൽ ഓഫീസിൽ ഗണഗീതം പാടണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടതിനെ തുടർന്ന് ക്രിസ്മസ് ആഘോഷം തന്നെ റദ്ദാക്കിയ സംഭവത്തെയും മുഖ്യമന്ത്രി വിമർശിച്ചു. ചില സ്കൂളുകൾ ആഘോഷം റദ്ദാക്കുകയുണ്ടായി. ഇതിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പാലക്കാട് വാളയാറിൽ നടന്ന ആൾക്കൂട്ട കൊലപാതകത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ട് വന്നെന്നും പിണറായി വിജയൻ പറഞ്ഞു. അപര വിദ്വേഷത്തിന്റെ ആശയത്തിൽ ആകൃഷ്ടരായവർ ആണ് പിന്നിൽ. യുപി മോഡൽ അക്രമം പറിച്ചു നടാൻ ആണ് ശ്രമം നടന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
ദുബായ്: കേരളം സ്റ്റാർട്ട് അപ് പറുദീസയായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുടർഭരണം ആണ് ഇന്ന് കാണുന്ന നേട്ടങ്ങൾക്ക് കേരളത്തെ സഹായിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുബായ് സന്ദർശനത്തിനിടയിലെ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദേഹം.
കിഫ്ബി മസാല ബോണ്ടിലെ ഇഡി നോട്ടീസിനെ കുറിച്ച് പരാമർശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. സംസ്ഥാനത്തിന്റെ പശ്ചാത്തല അടിസ്ഥാന സൗകര്യ വികസനത്തിന് 96,000 കോടി കിഫ്ബി വഴി ചെലവിട്ടതായും പിണറായി വ്യക്തമാക്കി.
കിഫ്ബി പണം ഉപയോഗിച്ചാണ് ദേശീയപാതാ വികസനത്തിന് മാത്രം 5,600 കോടി രൂപ നൽകിയത്. 2016ൽ ഗതികേടിലായിരുന്നു ആരോഗ്യരംഗം. തുടർഭരണമാണ് ഇന്ന് കാണുന്ന നേട്ടങ്ങൾ നേടാൻ കേരളത്തെ സഹായിച്ചതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ. കാനത്തിൽ ജമീലയുടെ വേർപാടിലൂടെ കേരളത്തിന് നഷ്ടമായത് ഒരു മികച്ച പൊതുപ്രവർത്തകയെയാണെന്ന് സ്പീക്കർ കുറിച്ചു.
തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലായിരുന്നു എ.എൻ. ഷംസീറിന്റെ കുറിപ്പ്. സാമൂഹ്യരംഗത്തും ഭരണരംഗത്തും ലാളിത്യവും കാര്യക്ഷമതയും കൊണ്ട് പ്രിയങ്കരിയായിരുന്ന കാനത്തിൽ ജമീല നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്നും അദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം രാത്രി 8.40ഓടെയാണ് അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന കാനത്തിൽ ജമീല മരിച്ചത്. 59 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
കുറിപ്പിന്റെ പൂർണരൂപം;
കേരള നിയമസഭാംഗവും സി.പി.ഐ (എം) കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും പൊതുപ്രവർത്തന രംഗത്തെ അതുല്യ വ്യക്തിത്വവുമായ കാനത്തിൽ ജമീലയുടെ അകാല വിയോഗത്തിൽ അതിയായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
കൊയിലാണ്ടി മണ്ഡലത്തെ പ്രതിനിധീകരിച്ച് പതിനഞ്ചാം കേരള നിയമസഭയിലെത്തിയ അവർ, ജനസേവനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഈ വേർപാട് സംസ്ഥാനത്തിന്, വിശേഷിച്ച് കോഴിക്കോട് ജില്ലയ്ക്ക്, നികത്താനാവാത്ത നഷ്ടമാണ്.
മണ്ഡലത്തിലെ വിഷയങ്ങൾ സഭയിൽ ശക്തമായി ഉന്നയിക്കുകയും, സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ചർച്ചയിൽ സജീവമായി ഇടപെട്ട് സംസാരിക്കുകയും ചെയ്തിരുന്ന ജമീല, ഇടതുപക്ഷത്തിന്റെ ശക്തരായ പ്രതിനിധികളിൽ ഒരാളായിരുന്നു.
1995-ൽ പൊതുപ്രവർത്തന രംഗത്ത് സജീവമായ അവർ, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലാണ് തൻ്റെ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും (2010-2015, 2019-2021) ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ദീർഘകാലത്തെ അനുഭവസമ്പത്ത് അവർക്കുണ്ടായിരുന്നു.
സാമൂഹ്യരംഗത്തും ഭരണരംഗത്തും ലാളിത്യവും കാര്യക്ഷമതയും കൊണ്ട് പ്രിയങ്കരിയായിരുന്ന ഈ ശക്തയായ പൊതുപ്രവർത്തക നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും.
കാനത്തിൽ ജമീലയുടെ വേർപാടിലൂടെ കേരളത്തിന് നഷ്ടമായത് ഒരു മികച്ച പൊതുപ്രവർത്തകയെയാണ്. അവരുടെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു.
ആദരാഞ്ജലികൾ.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും തമ്മിലുണ്ടായിരുന്ന തർക്കം തീർന്നെന്ന് സൂചന. സിപിഐയുടെ നിലപാടിന് സിപിഎം വഴങ്ങിയതോടെയാണ് തർക്കം അവസാനിച്ചതെന്നും റിപ്പോർട്ടുണ്ട്.
ഇതോടെ ഇന്ന് വൈകുന്നേരം നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കും എന്നാണ് ലഭിക്കുന്ന അനൗദ്യോഗിക വിവരം. വിഷത്തിൽ ഇരു പാർട്ടികളും ഇന്ന് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വൈകാതെ ഔദ്യോഗിക പ്രതികരണം ഉണ്ടാകുമെന്നാണ് സൂചന.
പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ ഒപ്പുവച്ച കരാർ റദ്ദാക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകുമെന്നാണ് സൂചന. ഈക്കാര്യം സിപിഐയെ സിപിഎം അറിയിച്ചെന്നാണ് വിവരം. വിഷയം ചർച്ച ചെയ്യാനായി മുന്നണി യോഗവും ഉടൻ വിളിക്കും.
എന്നാൽ ഇക്കാര്യത്തിൽ പിന്നീടുള്ള തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ ഉടക്ക് തുടരുന്നതിനിടെയാണ് സിപിഎമ്മിന്റെ പുനരാലോചനയെന്നതാണ് പ്രസക്തമാവുന്നത്.
അതേസമയം, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി സംസാരിച്ചു. കേരളത്തിലെ നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ബേബി ഡി. രാജയെ ഫോണിൽ വിളിച്ചത്.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സിപിഐയുടെ നിലപാടിന് സിപിഎം കീഴടങ്ങുമെന്ന് സൂചന. പദ്ധതിയുമായി ബന്ധപ്പെട്ട് ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്ത് അയക്കാൻ സർക്കാർ തലത്തിൽ ആലോചന.
കേന്ദ്രത്തിന് കത്തയക്കാമെന്ന സമവായം സിപിഐക്ക് മുന്നിൽ വയ്ക്കാനാണ് സിപിഎമ്മിന്റെ നീക്കം. വിഷയം ചർച്ച ചെയ്യാനായി മുന്നണി യോഗവും ഉടൻ വിളിക്കും. എന്നാൽ കരാർ അതേപടി തുടരുമെങ്കിലും മാനദണ്ഡങ്ങളിൽ ഇളവ് മാത്രമായിരിക്കും ആവശ്യപ്പെടുക.
ഇക്കാര്യത്തിൽ പിന്നീടുള്ള തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ ഉടക്ക് തുടരുന്നതിനിടെയാണ് സിപിഎമ്മിന്റെ പുനരാലോചനയെന്നതാണ് പ്രസക്തമാവുന്നത്.
അതേസമയം, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി സംസാരിച്ചു. കേരളത്തിലെ നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ബേബി ഡി. രാജയെ ഫോണിൽ വിളിച്ചത്.
ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് സൂചിപ്പിച്ച് ദേശീയ നേതാക്കളും രംഗത്തെത്തി. കത്ത് അയച്ച് രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചാൽ സിപിഐ വഴങ്ങുമെന്നാണ് സൂചന.
Kerala
കണ്ണൂർ: സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ യാഥാർഥ്യബോധത്തോടെയും വസ്തുനിഷ്ഠമായും സമീപിക്കുക എന്ന കടമ നിർവഹിക്കാൻ ഏവരും മുന്നോട്ട് വരണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്. രാജ്യം നേരിടുന്ന നവ ഫാസിസ്റ്റ് - വർഗീയ ഭീകരതയ്ക്കെതിരായ യോജിച്ച പോരാട്ടമാണ് നാം ഏറ്റെടുക്കേണ്ടുന്ന കടമയെന്നും ജയരാജൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
"ഇത്തരം ഒരു പോരാട്ടത്തിന്റെ നേതൃത്വം വഹിക്കാൻ ഇടതുപക്ഷ ജനാധിപത്യ ശക്തികൾക്കേ കഴിയൂ. അത്തരം ഒരു പ്രതിരോധം രാജ്യത്ത് ഏറ്റവും ശക്തമായും മാതൃകാപരമായും തീർക്കുന്ന സംസ്ഥാനമായി കേരളം നിലകൊള്ളുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും സർക്കാരിന്റെയും ഇഛാശക്തിയോടെയുള്ള പ്രവർത്തനങ്ങൾ കൊണ്ടുമാത്രമാണ്.'-ജയരാജൻ കുറിച്ചു.
"ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ കക്ഷികൾക്ക് ചില വിഷയങ്ങളിൽ വ്യത്യസ്ത നിലപാടുകൾ ഉണ്ടായേക്കാം. മുന്നണി സംവിധാനത്തിൽ ഓരോ കക്ഷിയുടെയും പ്രതിനിധികൾ കൈകാര്യം ചെയ്യുന്ന വകുപ്പുകളുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കുന്നത് ബന്ധപ്പെട്ട വകുപ്പിൻ്റെ വികസനം ലക്ഷ്യമിട്ടും നാടിൻ്റെ പൊതുവായ താൽപര്യം മുന്നിൽ കണ്ടുമാണ്. അത്തരത്തിൽ തീരുമാനങ്ങളെടുക്കുമ്പോൾ ഒറ്റപ്പെട്ട വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടായേക്കാം. അത്തരം വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാനും സംവിധാനമുണ്ട്.'-ജയരാജൻ കൂട്ടിച്ചേർത്തു.
ഉഭയകക്ഷി ചർച്ചയിലൂടെയും മുന്നണി യോഗത്തിൽ പൊതുചർച്ചയിലൂടെയും പരിഹരിക്കാൻ കഴിയുന്നതേ ഉള്ളുവെന്നും അതിന് പകരം പരസ്യമായ വിവാദം സൃഷ്ടിക്കപ്പെടുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും സർക്കാറിനേയും ദുർബലപ്പെടുത്താനെ സഹായിക്കൂവെന്നും ജയരാജൻ കുറിച്ചു.
"രാജ്യം അഭിമുഖീകരിക്കന്ന ഇന്നത്തെ പ്രതിസന്ധി ഘട്ടത്തിൽ ഇടതുപക്ഷ ഐക്യം, വിശേഷിച്ചും കമ്യൂണിസ്റ്റ് പാർടികളുടെ ഐക്യം പരമപ്രധാനമാണ്. ഈ കാഴ്ചപ്പാടോടെ ആയിരിക്കണം നാം ഓരോ വിഷയത്തേയും സമീപിക്കേണ്ടത്. വ്യത്യസ്ത അഭിപ്രായങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിക്കുന്നതിന് പകരം അവയെ പൊതുജനമധ്യത്തിലേക്ക് വലിച്ചിഴക്കുമ്പോൾ ദുർബലപ്പെടുന്നത് ഈ കാഴ്ചപ്പാടാണ്'.-ജയരാജൻ ചൂണ്ടിക്കാട്ടി
"കഴിഞ്ഞ ഒമ്പതര വർഷത്തെ എൽഡിഎഫ് ഭരണത്തിനെതിരെ വലതുപക്ഷ ശക്തികൾ നടത്തിയ നുണപ്രചാരണങ്ങളെല്ലാം തകർന്നടിഞ്ഞ അനുഭവങ്ങളാണ് നമുക്ക് മുന്നിലുള്ളത്. ഓരോ ഘട്ടങ്കിലും വലതു മാധ്യമങ്ങൾ എരിതീയിൽ എണ്ണയൊഴിച്ചു. അത്തരം പ്രചാരണങ്ങൾ അപ്പാടെ ജനങ്ങൾ തള്ളിക്കളഞ്ഞു. അങ്ങനെ വലതുപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ആവനാഴിയിലെ അവസാന അസ്ത്രവും പ്രയോഗിച്ചിട്ടും ഒന്നും ഏശാതെ നിരായുധരായിരിക്കുന്ന ഘട്ടം കൂടിയാണിത്.'-ജയരാജൻ ഓർമിപ്പിച്ചു.
"ഈ ഘട്ടത്തിൽ കൂടുതൽ ഐക്യത്തോടെ നാടിന്റെ വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും വേണ്ടി വർധിത ശക്തിയോടെ പ്രവർത്തിക്കാൻ നമുക്ക് കഴിയണമെന്നാണ് കേരള ആഗ്രഹിക്കുന്നത്. ജനങ്ങളുടെ ആ പ്രതീക്ഷയ്ക്കൊത്താണ് ഉയർന്ന ബോധത്തോടെ നാം പ്രവർത്തിച്ചതും പ്രവർത്തിക്കുന്നതും ഇനി പ്രവർത്തിക്കേണ്ടതും.'-ജയരാജൻ കൂട്ടിച്ചേർത്തു.
"മുന്നണിക്കകത്ത് പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങൾ ഒന്നും തന്നെ ഇല്ല. ഉള്ളുതുറന്ന ചർച്ചയിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയും. ഈ ഉയർന്ന രാഷ്ട്രീയ ചിന്തയോടെ കൂടുതൽ ഐക്യപ്പെട്ട് പ്രവർത്തിക്കാൻ നമുക്ക് കഴിയും. എതിരാളികളുടെ മനക്കോട്ട ചീട്ടുകൊട്ടാരം പോലെ തകരുകയും ചെയ്യും.'-ജയരാജൻ കുറിച്ചു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ ധാരണാപത്രം റദ്ദാക്കണമെന്ന നിലപാടില്‍ ഉറച്ചു നില്ക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ സിപിഎം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അടിയന്തരമായി തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു.
സിപിഐയുമായുളള അനുനയ ചര്‍ച്ചയ്ക്കായാണ് ഗോവിന്ദന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടത്. ബുധനാഴ്ച തളിപ്പറമ്പില്‍ നടക്കാനിരിക്കുന്ന പരിപാടികള്‍ മാറ്റിവച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അടിയന്തര യാത്രയെന്നാണ് സൂചന. ഇന്ന് രാവിലെയാണ് എംവി ഗോവിന്ദന് തിരുവനന്തപുരത്തു നിന്നും കണ്ണൂരിലെത്തിയത്.
അതേസമയം, മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തില്‍ സിപിഐ ഉറച്ചുനിൽക്കുകയാണ്. മന്ത്രിമാര്‍ ബുധനാഴ്ച തിരുവനന്തപുരത്ത് ഉണ്ടാവണമെന്ന് പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മന്ത്രിസഭ യോഗം കഴിയുന്നത് വരെ സെക്രട്ടറിയേറ്റിലേക്ക് നാല് മന്ത്രിമാരും പോകില്ല. ബുധനാഴ്ച രാവിലെ ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന് അറിയിപ്പ് സിപിഐ നേതൃത്വത്തിന് സിപിഐഎമ്മിന്റെ ഭാഗത്ത് നിന്നും ഇതുവരെ ലഭിച്ചിട്ടില്ല.
പിഎം ശ്രീ പദ്ധതിയിലെ ധാരണാപത്രം റദ്ദാക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതിന് പിന്നാലെയാണ് മന്ത്രിസഭ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം സിപിഐ എടുത്തത്. ഇന്ന് ഓണ്‍ലൈനായി ചേര്‍ന്ന സിപിഐ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ ദിവസത്തെ എക്സിക്യൂട്ടീവ് യോഗത്തിലുണ്ടായ തീരുമാനം തന്നെയാണ് ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തിലും ഉണ്ടായത്. ബുധനാഴ്ച നടക്കാനിരിക്കുന്ന മന്ത്രിസഭ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാരായ കെ രാജന്, പി പ്രസാദ്, ജി ആര് അനില്‍, ചിഞ്ചുറാണി എന്നിവര്‍ വിട്ടുനില്‍ക്കും.
ബുധനാഴ്ച്ച രാവിലെ പത്തരയ്ക്ക് നടത്താനിരുന്ന മന്ത്രിസഭ യോഗം വൈകീട്ട് 3.30ലേക്ക് മാറ്റിയിട്ടുണ്ട്. മുഖ്യമന്ത്രി സിപിഐ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി സമവായത്തിനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടാണ് സമയമാറ്റം എന്നാണ് സൂചനകള്‍.
ധാരണാപത്രം റദ്ദാക്കാതെ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാവില്ലെന്ന് സിപിഐ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ചര്‍ച്ചയില്‍ മുഖ്യമന്ത്രി മുന്നോട്ടുവച്ച എല്ലാ ഉപാധികളും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തള്ളിയിരുന്നു.
Kerala
തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയുടെ ധാരണാപത്രം റദ്ദാക്കണമെന്ന നിലപാടില്‍ ഉറച്ച് സിപിഐ. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ പാർട്ടിയുടെ മന്ത്രിമാർ പങ്കെടുക്കില്ല.
ഇന്ന് ഓണ്‍ലൈന്‍ ആയി ചേര്‍ന്ന സിപിഐ സെക്രട്ടട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. കഴിഞ്ഞദിവസം ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിലുണ്ടായ തീരുമാനംതന്നെയാണ് ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തിലും ഉണ്ടായത്.
ചൊവ്വാഴ്ച രാവിലെ ആരംഭിച്ച സിപിഐ സെക്രട്ടേറിയറ്റ് യോഗം ഉച്ചവരെ നീണ്ടു. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാരായ കെ. രാജന്, പി. പ്രസാദ്, ജി.ആര്. അനില്‍, ചിഞ്ചുറാണി എന്നിവര്‍ പങ്കെടുക്കേണ്ടെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. സെക്രട്ടേറിയേറ്റിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മടങ്ങി.
ബുധനാഴ്ച രാവിലെ പത്തിനായിരുന്നു മന്ത്രിസഭാ യോഗം നടക്കേണ്ടിയിരുന്നത്. എന്നാല്‍, അത് ഉച്ചകഴിഞ്ഞ് 3.30-ന് ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും സിപിഐ നേതൃത്വവുമായി ചര്‍ച്ച നടത്തി സമവായത്തിലെത്താനുള്ള സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് ഇതെന്നാണ് സൂചന.
ധാരണാപത്രം റദ്ദാക്കാതെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് തിങ്കളാഴ്ച സിപിഐ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടറിയിച്ചിരുന്നു. മുഖ്യമന്ത്രി മുന്നോട്ടുവെച്ച എല്ലാ ഉപാധികളും സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം തള്ളുകയും ചെയ്തിരുന്നു.
Kerala
ആലപ്പുഴ: പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ച വിഷയത്തിൽ നിലപാട് തീരുമാനിക്കാൻ നിർണായക സിപിഐ എക്സിക്യുട്ടീവ് ഇന്ന് ആലപ്പുഴയിൽ നടക്കും. മന്ത്രിമാരെ രാജി വെപ്പിക്കുന്നതടക്കം കടുത്ത നിർദേശങ്ങളിൽ അന്തിമ തീരുമാനമെടുക്കും.
അതേസമയം, സിപിഎം സമവായ സാധ്യതകൾ തേടുകയാണ്. രാവിലെ അടിയന്തര സെക്രട്ടേറിയറ്റ് യോഗം നടക്കും. ഇന്ന് ബിനോയ് വിശ്വത്തെ പിണറായി വിജയൻ നേരിട്ട് വിളിച്ചേക്കുമെന്നാണ് സൂചന.
കരാറിൽ നിന്ന് പിന്മാറണമെന്ന പാർട്ടി ആവശ്യത്തോട് ഇതുവരെ വിദ്യാഭ്യാസവകുപ്പും സിപിഎമ്മും അനുകൂലമായി പ്രതികരിച്ചിട്ടില്ല. അതിനാൽ സിപിഐ കടുത്ത തീരുമാനത്തിലേക്ക് നീങ്ങാനാണ് സാധ്യത. മന്ത്രിസഭയെ നോക്കുകുത്തിയാക്കി ചർച്ച കൂടാതെ മുന്നണി മര്യാദ ലംഘിച്ചാണ് കരാർ ഒപ്പിട്ടതെന്നാണ് പാർട്ടി വിലയിരുത്തൽ.
മന്ത്രിമാരെ കാബിനറ്റ് യോഗത്തിൽ നിന്ന് പിൻവലിപ്പിക്കണം, മന്ത്രിമാരെ രാജിവെപ്പിക്കണം എന്നതടക്കമുള്ള കടുത്ത നിർദേശങ്ങളാണ് പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിൽ ഉയർന്നത്. അന്തിമ തീരുമാനം ഇന്ന് കൈക്കൊള്ളും. കടുത്ത തീരുമാനമെടുക്കാൻ കേന്ദ്ര നേതൃത്വത്തിന്റെയും പിന്തുണയുണ്ട്. അതേ സമയം പാർട്ടി മുന്നണി വിടില്ല.
പിഎം ശ്രീയിൽ വിട്ടുവീഴചയില്ലാതെ സിപിഐ മുന്നോട്ട് പോകുമ്പോൾ സമവായ ചർച്ചക്ക് ഇനിയും സാധ്യതയുണ്ടെന്നാണ് സിപിഎം വിലയിരുത്തൽ. നിലവിലെ സാഹചര്യം വിലയിരുത്താൻ തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും.
Kerala
ആലപ്പുഴ: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ട നടപടിയെ അനുകൂലിച്ച് എൻസിപി സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസ്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിൽ തെറ്റില്ല എന്നാണ് തോമസ് കെ. തോമസ് പ്രതികരിച്ചത്.
"കേന്ദ്ര സഹായം ഔദാര്യമല്ലെന്നും നമുക്ക് കിട്ടേണ്ട പണം കിട്ടണം, വിദ്യാഭ്യാസ മേഖലയിൽ പണം കിട്ടാൻ വേണ്ടി ഒപ്പിട്ടതിൽ തെറ്റില്ല. വിദ്യാഭ്യാസ മേഖലയിൽ മാറ്റത്തിന് സഹായിക്കും എന്നും വിഷയം എൽഡിഎഫ് ചർച്ച ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്.'-തോമസ് കെ. തോമസ് പറഞ്ഞു.
സിപിഐയുടേത് എതിർപ്പാണോ, വ്യത്യസ്ത അഭിപ്രായം ആണോ എന്നറിയില്ല, തെറ്റായ കാര്യമാണെങ്കിൽ ഒപ്പിടാൻ മുഖ്യമന്ത്രിയോ മന്ത്രി ശിവൻ കുട്ടിയോ അനുമതി നൽകുമോ? മുന്നണിയിൽ നിന്നു കൊണ്ട് സർക്കാരിനെതിരെ പ്രതിഷേധിക്കുന്നത് ശരിയായ രീതിയല്ല. നിലപാട് എൽഡിഎഫിൽ അറിയിക്കും എന്നും തോമസ് കെ. തോമസ് വ്യക്തമാക്കി.
Kerala
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പുവച്ചത് സംബന്ധിച്ച വിവാദങ്ങൾ മുന്നണി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. സിപിഐ ഉയർത്തിയ വിഷയങ്ങളും ഒപ്പുവച്ച ധാരണയിലെ വ്യവസ്ഥകളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി യോഗം ചേരുന്ന തീയതി തീരുമാനിച്ചിട്ടില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു
പിഎം ശ്രീ പദ്ധതി വഴി ദേശീയ വിദ്യാഭ്യാസ നയം കടന്നു വരുന്നുണ്ടോ എന്നും ഇപ്പോൾ ഒപ്പുവച്ച ധാരണയിലെ വ്യവസ്ഥകളും പരിശോധിക്കും. സിപിഐ ഉയർത്തിയ വിഷയങ്ങളും എൽഡിഎഫ് ചർച്ച ചെയ്യും. എല്ലാ പാർട്ടികളുടെയും അഭിപ്രായം ആരായുമെന്നും പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
അതേസമയം പിഎം ശ്രീ പദ്ധതിക്കെതിരെയുള്ള എതിർപ്പ് തുടരുകയാണ് സിപിഐ. ഡൽഹിയിലെ എകെജി ഭവനിൽ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷവും നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ വ്യക്തമാക്കി.
തങ്ങളുടെ നിലപാട് പിഎം ശ്രീ കരാര്‍ റദ്ദാക്കണമെന്ന് തന്നെയാണ്. അതിൽ നിന്ന് പിന്നോട്ടില്ല. വിശദമായി വിഷയം ചര്‍ച്ച ചെയ്തു. സിപിഎം ഇതിൽ പുനരാലോചന നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡി. രാജ പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ചേരാൻ സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പിഎം ശ്രീയിൽ കേരളം ഒപ്പിട്ടതിൽ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും നമ്മുടെ കുട്ടികള്‍ക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് രൂപയുടെ ഫണ്ട് തടഞ്ഞുവെച്ചുള്ള കേന്ദ്ര ശ്രമത്തെ മറികടക്കാനുള്ള തന്ത്രപരമായ നീക്കം ആണിതെന്നും ശിവൻകുട്ടി പറഞ്ഞു.
പിഎം ശ്രീയിൽ ഒപ്പിടാത്തതിന്റെ പേരിൽ സര്‍വ ശിക്ഷ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചു. ഇതിലൂടെ 1158.13 കോടി കേരളത്തിന് നഷ്ടമായി. ഒപ്പിട്ടതിനാൽ 1476 കോടി ഇനി കേരളത്തിന് ലഭിക്കുമെന്നും 971 കോടി സര്‍വ ശിക്ഷ പദ്ധതി പ്രകാരം കിട്ടുമെന്നും മന്ത്രി പറഞ്ഞു.
ഫണ്ട് തടഞ്ഞുവെച്ചത് സൗജന്യ യൂണിഫോം, അലവൻസുകള്‍ എന്നിവയെ ബാധിച്ചു. കുട്ടികളുടെ ഭാവി പന്താടി ഒരു സമ്മര്‍ദത്തിന് വഴങ്ങാൻ സര്‍ക്കാര്‍ തയ്യാറാല്ല. ഇത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ഫണ്ട് അല്ലെന്നും നമുക്ക് അവകാശപ്പെട്ടതാണെന്നും ശിവൻകുട്ടി പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ നിലപാടിൽ മാറ്റമില്ലെന്നും പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിന് ഇനിയും 8500 കോടി രൂപ കൂടി കിട്ടാനുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
എന്നാൽ ദേശീയ വിദ്യാഭ്യാസ നയത്തിന് ഇടതു മുന്നണി എന്നും എതിരാണെന്നും ഗോവിന്ദൻ വ്യക്തമാക്ക. കേന്ദ്രം ഇതിന്റെ പേരിൽ സാമ്പത്തിക ഉപരോധമാണ് നടത്തുന്നതെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.
"ഇടതുപക്ഷ നയം മുഴുവൻ നടപ്പാക്കുന്ന സർക്കാരല്ല ഇത്. അങ്ങനെ യാണോ നിങ്ങൾ കരുതുന്നത് ? പണം കിട്ടാതെ മുന്നോട്ട് പോകാൻ കഴിയില്ല. കേന്ദ്രം സാമ്പത്തിക ഉപരോധമാണ് നടപ്പാക്കുന്നത്.എല്ലാ പ്രശ്നവും ചർച്ചയിലൂടെ പരിഹരിക്കും.'-ഗോവിന്ദൻ പറഞ്ഞു.
Kerala
കോട്ടയം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ റോഡുകളുടെ നവീകരണം സെപ്റ്റംബറിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജലജീവന്‍ മിഷനുവേണ്ടി വെട്ടിപ്പൊളിച്ച റോഡുകള്‍ക്ക് ഇതില്‍ മുന്‍ഗണന കൊടുത്തു പരിഹാരമുണ്ടാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു .
തെള്ളകം ഡിഎം കണ്വന്ഷന് സെന്ററില്‍ ചേര്‍ന്ന എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പദ്ധതികള്‍ സംബന്ധിച്ച മേഖലാതല അവലോകനയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി (സിഎംഎല്‍ആര്‍ആര്‍പി 2.0)യുമായി ബന്ധപ്പെട്ടു കരാറുകാര്‍ക്കുള്ള നിരക്ക് പരിഷ്കരിച്ചിട്ടുള്ളതാണ്. ഇതനുസരിച്ചു നേരത്തേ നിശ്ചയിച്ച ദൂരത്തില്‍ തന്നെ റോഡുകള്‍ പൂര്‍ത്തിയാക്കും. സാങ്കേതികകാര്യങ്ങള്‍ വേഗം പരിഹരിക്കണം. ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ചു വ്യക്തത വരുത്തിയ ഉത്തരവ് പുറത്തിറക്കണം.
ലഹരി വിരുദ്ധ കാന്പയിൻ
ലഹരിവിരുദ്ധ കാന്പയിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനം സ്കൂളുകളിലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി. നല്ലരീതിയിലുള്ള വ്യായാമങ്ങളും കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകണം. ഇതുസംബന്ധിച്ചു ചില വിവാദങ്ങള്‍ ചില കോണുകളില്‍ നിന്നുയര്‍ന്നുവന്നുവെങ്കിലും അതു പെട്ടെന്നു തന്നെ അവസാനിച്ചുവെന്നാണു തോന്നുന്നത്.
പുനര്‍ഗേഹം
ഭവനപദ്ധതി
മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി നിര്‍മിച്ച പുനര്‍ഗേഹം ഭവനപദ്ധതിയില്‍ ചില ഫ്ളാറ്റുകള്‍ ഒഴിവുണ്ട്. ഗുണഭോക്താക്കളായവരില്‍ ചിലര്‍ ഏറ്റെടുക്കാന്‍ തയാറാകുന്നില്ല. മത്സ്യത്തൊഴിലാളികള്‍ അല്ലാത്തവര്‍ക്കായി വീടു നല്‍കുന്നത് കാര്യം പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്തു ചെയ്യാന്‍ പറ്റുമെന്നു ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിര്‍മാണം വേഗത്തിലാക്കണം
ലൈഫ് മിഷനില്‍ 4.5 ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കാനായി. ബാക്കി വീടുകളുടെ നിര്‍മാണം വേഗത്തിലാക്കണം. മനസോടിത്തിരി മണ്ണ് ക്യാമ്പയിനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണം.
കോളിഫോം പരിശോധന
ജലാശയങ്ങളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം സംബന്ധിച്ചു തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പരിശോധന വേണം. സാധാരണക്കാര്‍ക്ക് കിണര്‍വെള്ളം ചുരുങ്ങിയ ചെലവില്‍ പരിശോധിക്കുന്നതിനാണ് സ്കൂളുകളില്‍ ലാബുകള്‍ സജ്ജമാക്കിയത്. ഇക്കാര്യത്തില്‍ വേണ്ടത്ര പുരോഗതിയില്ല. ഇതിന്റെ പുരോഗതി വിദ്യാഭ്യാസവകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാനങ്ങളും ജില്ലാ കളക്ടര്‍മാരും ഇടപെട്ട് വിലയിരുത്തണം.
മാലിന്യ നിര്‍മാര്‍ജനം
വിനോദസഞ്ചാരമേഖലകളില്‍ മാലിന്യനിര്‍മാര്‍ജനത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. മാലിന്യമുക്തം എന്നത് പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കണം. പച്ചത്തുരുത്ത് പദ്ധതി കൂടുതല്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കണം. ഏത് ഉന്നതനായാലും നടപടിക്രമങ്ങള്‍ പാലിക്കണം. നടപടിക്രമങ്ങള്‍ പാലിച്ചു കാര്യങ്ങള്‍ വേഗത്തിലാക്കാനാണ് പരിശ്രമിക്കേണ്ടത്.
മേഖലാതല യോഗങ്ങൾ ഫലപ്രാപ്തിയില്‍
ഇത്തവണത്തെ മേഖലാതലയോഗങ്ങള്‍ നല്ലരീതിയിലാണ് നടന്നത്. മുന്‍കാലങ്ങളില്‍ നടന്ന മേഖലാതല യോഗത്തെ അപേക്ഷിച്ച് പരിഗണിക്കേണ്ട ഗൗരവമുള്ള വിഷയങ്ങള്‍ കുറഞ്ഞു. പൊതുകാര്യങ്ങളുെ വേഗത കൂട്ടുന്നതിന് ഇത്തരത്തിലുള്ള യോഗങ്ങള്‍. വേഗത്തില്‍ തീരുമാനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ നിലവില്‍ ഫയല്‍ അദാലത്തുകള്‍ നടക്കുന്നു. ഇത്തരം യോഗങ്ങള്‍ ഭരണനടപടികള്‍ വേഗത്തിലാക്കാന്‍ ഉപകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മന്ത്രിമാരായ കെ. രാജന്, കെ. കൃഷ്ണന്‍കുട്ടി, റോഷി അഗസ്റ്റിന്, എ.കെ. ശശീന്ദ്രന്, വി.എന്‍. വാസവന്, പി. രാജീവ്, സജി ചെറിയാന്, എം.ബി. രാജേഷ്, ഒ.ആര്. കേളു, പി. പ്രസാദ്, വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖര്‍, വകുപ്പുസെക്രട്ടറിമാര്‍, വകുപ്പുമേധാവികള്‍, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലാ കളക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.